ശിവഗിരി ശ്രീ ശാരദാ ദേവീ ക്ഷേത്രത്തിലെ പഞ്ചാരമണലില്‍ അറിവിന്റെ ഹരിശ്രീ കുറിക്കാന്‍ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ഒരുങ്ങി.
ശിവഗിരി ശാരദാ ക്ഷേത്ര സന്നിധിയിലെ പവിത്രമായ പഞ്ചാരമണല്‍ വെള്ളപ്പട്ടില്‍ പൊതിഞ്ഞ് കാവിന്‍പുറം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചു. ഇതോടൊപ്പം തൂലികാ പൂജയ്ക്കുള്ള തൂലികകളും സമര്‍പ്പിച്ചു.
രാമകൃഷ്ണന്‍ നായരുടെയും കൊച്ചുമകന്‍ എസ്. അഭിനവ് കൃഷ്ണയുടെയും നേതൃത്വത്തിലാണ് പവിത്രമായ മണല്‍ വെള്ളപ്പട്ടില്‍ പൊതിഞ്ഞ് കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചത്.
നാമജപത്തോടെ മണലും തൂലികകളുമായി ക്ഷേത്രത്തിന് വലംവച്ച് ക്ഷേത്രത്തിനുള്ളിലേക്ക് കയറിയ ഇവര്‍ക്കൊപ്പം മറ്റുഭക്തരുമുണ്ടായിരുന്നു.
തുടര്‍ന്ന് ശ്രീകോവിലിന് മൂന്ന് വലംവച്ച് സോപാനത്തിങ്കല്‍ തൂലികകളും പഞ്ചാരമണലും സമര്‍പ്പിച്ചപ്പോള്‍ കാവിന്‍പുറം ക്ഷേത്രം മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കര്‍പ്പൂര ആരതി നടത്തി.
തുടര്‍ന്ന് ഇവ സമര്‍പ്പിച്ച രാമകൃഷ്ണന്‍ നായര്‍ക്ക് വിശേഷാല്‍ പ്രസാദം നല്‍കി. തൂലികകളും മണലും ഏറ്റുവാങ്ങാന്‍ കാവിന്‍പുറം ദേവസ്വം ഭാരവാഹികളായ ടി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ബിന്ദു രാജീവ്, ശിവഗിരിയില്‍ നിന്നും മണല്‍ എത്തിച്ച സംഘത്തിലുണ്ടായിരുന്ന ഇ.കെ. രാജന്‍ ഈട്ടിക്കല്‍, ഏഴാച്ചേരി എസ്.എന്‍.ഡി.പി. ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികിനാലില്‍, എ.എസ്. ലൈല ടീച്ചര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന സരസ്വതീ മണ്ഡപത്തില്‍ തൂലികാ പൂജ ഞായറാഴ്ച ആരംഭിക്കും. പവിത്രമായ മണലും സരസ്വതീ മണ്ഡപത്തില്‍ സൂക്ഷിക്കും. വിജയദശമി നാളില്‍ പൂജിച്ച പേനകള്‍ പ്രസാദമായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യും. ഇതോടൊപ്പം പാരമ്പര്യ രീതിയില്‍ മണലില്‍ ഹരിശ്രീ കുറിക്കലും നടക്കും.
ശിവഗിരി ശാരദാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നെത്തിച്ച പവിത്ര മണല്‍ വിരിച്ച് അതിലാണ് പാരമ്പര്യ രീതിയില്‍ ഹരിശ്രീ കുറിക്കല്‍ നടക്കുന്നത്. പ്രായഭേദമന്യെ നൂറുകണക്കിന് ആളുകളാണ് ഈ മണലില്‍ ഹരിശ്രീ കുറിക്കുന്നത്. പ്രശസ്ത കവി ആര്‍.കെ. വള്ളിച്ചിറയാണ് ഇത്തവണ മണലില്‍ ഹരിശ്രീ കുറിക്കുന്നതിന്റെ ആചാര്യസ്ഥാനം വഹിക്കുന്നത്.