സ്ത്രീകൾ അമ്മയുടെയോ അമ്മായിയമ്മയുടെയോ അടിമകളല്ലെന്ന് ഹൈക്കോടതി.സ്ത്രീകളുടെ തീരുമാനങ്ങളെ വിലകുറച്ചുകാണരുതെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ളവരാണ് അവരെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഭർത്താവുമായുള്ള തർക്കങ്ങൾ മറന്ന് വിവാഹത്തിന്റെ പവിത്രത മനസ്സിലാക്കി ഒരുമിച്ചു ജീവിക്കാനായിരുന്നു തൃശൂർ കുടുംബകോടതിയുടെ ഉത്തരവ്. എന്നാലിത് 2023ലെ കാഴ്‌ചപ്പാടല്ലെന്നും പുരുഷാധിപത്യസ്വഭാവമുള്ള ഉത്തരവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
കോടതിക്കുപുറത്ത് ഒത്തുതീർപ്പാക്കാവുന്ന പ്രശ്നങ്ങളേയുള്ളൂവെന്ന ഭർത്താവിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഹർജിക്കാരിയും ഇതു സമ്മതിച്ചാലേ കോടതിക്ക് അനുവദിക്കാനാവൂ. അവർക്ക് സ്വന്തമായി ഒരു മനസ്സുണ്ടെന്ന് തിരിച്ചറിയണമെന്നും അഭിപ്രായപ്പെട്ട സിംഗിൾ ബെഞ്ച് ഹർജി കോടതിമാറ്റാൻ അനുവദിച്ചു.