തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യബസ് പണിമുടക്ക്. സീറ്റ് ബെൽറ്റ്, ക്യാമറ, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. നവംബർ 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി. ബസുടമകൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന കാര്യങ്ങൾ സർക്കാർ നടപ്പിലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
ഇന്ന് നടക്കുന്നത് സൂചനാ സമരമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കെ.കെ തോമസ് വ്യക്തമാക്കിയിരുന്നു. മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടതും വിവിധ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ വൈകിയതുമാണ് സർവീസ് നിർത്തി വച്ച് സമരത്തിലേക്ക് ഇറങ്ങാൻ തങ്ങളെ നിർബ്ബന്ധിതരാക്കിയതെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികൾ പറയുന്നു.
തങ്ങളുന്നയിച്ച വിഷയങ്ങളിൽ മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകളുടെ സംഘടന കത്തുനൽകിയിട്ടുണ്ട്. ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടിവരുമെന്നാണ് സംഘടനകൾ പറയുന്നത്.
വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കണമെന്നതാണ് ബസുടമകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. 2022 മേയിൽ നടപ്പിലാക്കിയ യാത്രാനിരക്ക് വർധനവിനൊപ്പം വിദ്യാർഥികളുടെ യാത്രാനിരക്കും വർധിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ അത് നടപ്പിലായില്ല. അതിദരിദ്രരായ വിദ്യാർഥികൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെ എടുത്തതാണെന്നും സംയുക്ത സമരസമിതി പറയുന്നു.
ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറിയാക്കി മാറ്റി 140 കി.മീ അധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ നിർത്തലാക്കാനുള്ള തീരുമാനവും സർക്കാർ പുനഃപരിശോധിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. അതേസമയം പണിമുടക്കിനെ നേരിടാൻ സംസ്ഥാനത്ത് കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം സീറ്റുബെൽറ്റും ക്യാമറയും നിർബന്ധമാക്കുന്ന ഉത്തരവ് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. സ്റ്റേജ് കാരിയേജ് ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും, സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവ് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിനു ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട്, സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ നവംബര്‍ 1 മുതല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.