കോട്ടയം: പ്രസവ വാർഡ് കെട്ടിടം നവീകരിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ; ജനറൽ ആശുപത്രിയിൽ ജീർണാവസ്ഥയിലായ പ്രസവ വാർഡ് കെട്ടിടം പുതുക്കണമെന്നു ആവശ്യപ്പെട്ട് വാർഡിന്റെ ചുമതലയുള്ള നഴ്സുമാർ നൽകിയ റിപ്പോർട്ട് ഫയലിൽ കുരുങ്ങി.
അതേ സമയം കാൽഭാഗം കെട്ടിടങ്ങൾ പൊളിച്ചിട്ടില്ല. രണ്ടു വർഷം മുൻപ് 2021 നവംബർ – ഡിസംബർ മാസങ്ങളിലാണ് ആറ് വാർഡുകളുടെ കെട്ടിടങ്ങൾ പൊളിച്ചത്. പൊളിച്ച കെട്ടിടങ്ങളിൽ ഉള്ളവരെ ഇടിഞ്ഞു പൊളിഞ്ഞ ബാക്കി കെട്ടിടങ്ങളിലേക്ക് മാറ്റി എളുപ്പപ്പണി നടത്തുകയായിരുന്നു അധികൃതർ.
ഭിത്തികൾ ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിലേക്കു തന്നെ നവജാത ശിശുക്കളെയും അമ്മമാരെയും കുത്തിനിറയ്ക്കുകയാണ് അധികൃതർ ചെയ്തത്. അസൗകര്യങ്ങൾ കൊണ്ടു വീർപ്പുമുട്ടുന്ന ഈ വാർഡുകളിൽ രോഗികൾ കഴിയുന്നത് മരണഭീതിയോടെ.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പലതവണ ഇടപെട്ടിട്ടും ശാസിച്ചിട്ടും അതിനൊന്നും വഴങ്ങാതെ എല്ലാം ഭദ്രമെന്നു റിപ്പോർട്ട് സമർപ്പിച്ചതിന്റെ തിക്തഫലമാണ് ഇന്നലെ നടന്ന അപകടം.