കുറുപ്പന്തറ: കുറുപ്പന്തറ റെയിൽവേ ഗേറ്റിനു സമീപം വ്യാപാരികളുടെ ദുരിതം. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് ഉയർന്നു വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇരുചക്രവാഹനങ്ങളുടെ യാത്ര മണിക്കൂറുകളോളം തടസ്സപ്പെട്ടു.
മഴ പെയ്താൽ ഈ ഭാഗത്ത് അരയ്ക്കൊപ്പം വെള്ളം നിറയും. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറും. വാഹനയാത്ര തടസ്സപ്പെടും. കാൽനട യാത്രക്കാർ വെള്ളക്കെട്ട് കുറയാൻ കാത്തു നിൽക്കേണ്ട സ്ഥിതി വരെ ഉണ്ടായി.
ഗതാഗത തിരക്കേറിയ കുറുപ്പന്തറ– കല്ലറ റോഡിൽ കുറുപ്പന്തറ റെയിൽവേ ഗേറ്റിനരികിൽ മാസങ്ങളായി വ്യാപാരികളും യാത്രക്കാരും വെള്ളക്കെട്ട് ദുരിതം അനുഭവിക്കുന്നു. റെയിൽവേ ഗേറ്റ് കൂടി അടയ്ക്കുന്നതോടെ അരയ്ക്കൊപ്പം വെള്ളത്തിൽ വാഹനങ്ങൾ റോഡിൽ കാത്തു കിടക്കേണ്ട സ്ഥിതിയായിരുന്നു ഇന്നലെ.
കൂടാതെ തുടരെയുള്ള ഗേറ്റ് അടവും ദുരിതമാണ്. വ്യാപാരികളും വാഹനയാത്രക്കാരും പല തവണ പരാതിപ്പെട്ടെങ്കിലും റെയിൽവേയാണു നടപടി സ്വീകരിക്കേണ്ടത് എന്ന മറുപടിയാണ് പൊതുമരാമത്ത് അധികൃതർ നൽകിയത്.
ദിവസവുമുളള വെള്ളക്കെട്ടു മൂലം വലിയ ദുരിതവും നഷ്ടവുമാണു വ്യാപാരികൾ അനുഭവിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് നീക്കാൻ ഉടൻ നടപടി സ്വീകരിക്കണം എന്നാണു വ്യാപാരികളുടെയും വാഹന യാത്രക്കാരുടെയും ആവശ്യം.