പാലാ: കേരളത്തിൽ വാട്ടർ അതോറിട്ടറി നടപ്പാക്കുന്ന ഏറ്റവും വലിയ കുടിവെള്ള വിതരണ പദ്ധതിയാണ് മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി. മീനച്ചിൽ താലൂക്കിൻ്റെ കിഴക്കൻ മലനിരകളിലെ 13 പഞ്ചായത്തുകളിലെ 50000 പരം വീടുകളിലേക്ക് ശുദ്ധീകരിച്ച കുടിവെളളം തടസ്സ രഹിമായി ലഭ്യമാക്കുന്നതാണ് പദ്ധതി.
പദ്ധതി അടങ്കലിന്റെയും പദ്ധതി ഘടകങ്ങളുടെയും വിതരണശൃംഖലയുടെയുമെല്ലാം അടിസ്ഥാനത്തില്‍ ജല അതോറിറ്റി അതിന്റെ ചരിത്രത്തില്‍ ഏറ്റെടുക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് മീനച്ചില്‍-മലങ്കര പദ്ധതി എന്നതാണു പ്രത്യേകത. 2085 കിലോമീറ്റര്‍ പൈപ്പ്‌ലൈനും 154 ടാങ്കുകളും ഒറ്റ പദ്ധതിക്കുള്ളില്‍ വരുന്നു എന്നതു തന്നെ അപൂര്‍വതയാണ്.
പാലാ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 24525 കണക്ഷനും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിലായി 17705 കണക്ഷനും ഉള്‍പ്പെടെ 42230 കുടിവെള്ള കണക്ഷനുകള്‍ പദ്ധതി വഴി നല്‍കാന്‍ കഴിയും. കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കിയ 700 കോടിയുടെ ജൈക്ക പദ്ധതിയാണ് ഇതിനു മുന്‍പ് ജല അതോറിറ്റി നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതി.
പാലാ ടൗൺ ഹാളിൽ ചടങ്ങിൽ മന്ത്രി റോഷി അഗസ്ററ്യൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു.മുഴുവൻ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്ന വിപ്ലവകരമായ തീരുമാനമാണ് ജലജീവൻ പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മലങ്കര–മീനച്ചിൽ പദ്ധതി നടപ്പാക്കുമ്പോള്‍ കെ എം മാണിയുടെ സ്വപ്‌നമാണ് പൂവണിയുന്നത്. അദേഹം തുടങ്ങിവച്ച പദ്ധതിക്ക് നിര്‍മാണം ആരംഭിക്കുവാന്‍ സാധിച്ചത് ഏറെ സന്തോഷകരമാണെന്നും മന്ത്രി റോഷി പറഞ്ഞു.
ജില്ലയിൽ സർക്കാർ നടത്തുന്നത് നിരവധി വൻകിട പദ്ധതികളാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 42230 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതി യാഥാർഥ്യമാക്കുന്ന സർക്കാരിനെ മറക്കാൻ ജനങ്ങൾക്കാകില്ലെന്ന് മന്ത്രി പറഞ്ഞു. പറയുന്നത് പ്രവർത്തിക്കുകയും പ്രവർത്തിക്കാൻ കഴിയുന്നത് മാത്രം പറയുകയും ചെയ്യുന്ന ഒരു സർക്കാരാണ് ഇപ്പോഴുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി എം.പി. ആമുഖ പ്രഭാഷണവും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണവും നടത്തി. എം.പിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടൻ, എം.എൽ. എമാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി. കാപ്പൻ, പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ, ജിജി തമ്പി (കടനാട്), ബിജു സോമൻ (മേലുകാവ്), പി.എൽ. ജോസഫ് (മൂന്നിലവ്), അനുപമ വിശ്വനാഥ് (തലപ്പലം), സാജോ പൂവത്താനി (മീനച്ചിൽ), രജനി സുധാകരൻ (തലനാട്), കെ.സി. ജെയിംസ് (തീക്കോയി), ഗീത നോബിൾ (പൂഞ്ഞാർ), ജോർജ് മാത്യു (പൂഞ്ഞാർ തെക്കേക്കര), എ.എസ്. സിന്ധു (കൂട്ടിക്കൽ), വിജി ജോർജ് (തിടനാട്), ഷൈനി സന്തോഷ് (രാമപുരം), രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ പ്രൊഫ. ലോപ്പാസ് മാത്യു, ബെന്നി മൈലാടൂർ, സാജൻ ആലക്കളം, എം.ടി. കുര്യൻ, കേരള വാട്ടർ അതോറിറ്റി ദക്ഷിണമേഖല ചീഫ് എൻജിനീയർ നാരായണ നമ്പൂതിരി, വാട്ടർ അതോറിറ്റി ബോർഡംഗം ഷാജി പാമ്പൂരി, ടെക്നിക്കൽ മെമ്പർ ജി. ശ്രീകുമാർ, എ.കെ.ഡബ്ലിയു.എ.ഒ. ജില്ലാ പ്രസിഡന്റ് എൻ.ഐ. കുര്യാക്കോസ്, ഇ.എഫ്.കെ.ഡബ്ലിയു.എ. പ്രസിഡന്റ് വി. ആദർശ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മീനച്ചിൽ റിവർ വാലി പദ്ധതിക്ക് പ്രൊജക്ട് റിപ്പോർട്ടിനായി സര്‍ക്കാര്‍ 2.13 കോടി രൂപ അനുവദിച്ചു
ഇടുക്കി ജലവൈദ്യുതിക്കായി വിനിയോഗിച്ച വെള്ളം തുരങ്കം വഴി കോട്ടയം ജില്ലയിലെ മൂന്നിലവിലെത്തിച്ച് മീനച്ചിലാറ്റിലൂടെ 76 കിലോമീറ്റർ ചുറ്റളവിൽ ജല ലഭ്യത ഉറപ്പാക്കാൻ കഴിയുന്നതാണ് മീനച്ചില്‍ റിവര്‍വാലി പദ്ധതി. മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം നടത്തി പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം കൂടി അറിയിച്ചത്.