തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവായ എം.സി ദത്തന്. യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തിനിടെയാണ് സംഭവം.
വേറെ ഒരു പണിയില്ലേടേ നിനക്കൊക്കെ. ഇതിനെക്കാള്‍ നീയൊക്കെ തെണ്ടാന്‍ പോ എന്നാണ് ദത്തന് മാധ്യമങ്ങളോട് പറഞ്ഞത്. കൂടുതൽ പ്രതികരിയ്ക്കാതെ ദത്തന് കടന്നുപോവുകയും ചെയ്തു.
അതേസമയം മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്ത്' പോലെ സംഭവം വിവാദമായതോടെ വിശദീകരണവുമായും ദത്തന് രംഗത്തെത്തി. പ്രതികരണത്തിന് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകര്‍ വിടാതെ പിന്തുടര്ന്നു. പ്രതികരണത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് പ്രകോപിതനായതെന്നും ദത്തന് വിശദീകരിച്ചു.
യുഡിഎഫ് ഉപരോധം കണക്കിലെടുത്ത് സെക്രട്ടറിയേറ്റിലേക്കുള്ള പ്രസ് ക്ലബ് റോഡ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരുന്നു. ഇതുവഴിയെത്തിയ ദത്തനെ ആളറിയാതെ പോലീസ് തടഞ്ഞു.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണ് അതെന്ന് മാധ്യമപ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്. ഇതിനുശേഷം ബാരിക്കേഡ് കടന്നെത്തിയ ദത്തനോട് സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.