Hot Posts

6/recent/ticker-posts

സ്വവർഗ വിവാഹത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്


ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറയുന്നത്. പത്തുദിവസം നീണ്ട വാദം കേൾക്കലിനു ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്.  

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്ചപ്പാടാണെന്നും  പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമാണ് സർക്കാരിന്റെ വാദം. 


1954ലെ സ്പെഷൽ മാരേജ് ആക്ട്, 1955ലെ ഹിന്ദു വിവാഹ നിയമം, 1969ലെ വിദേശ വിവാഹ നിയമം എന്നിവയിൽ സ്വവർഗ വിവാഹം റജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ വ്യക്തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവർഗ വിവാഹത്തിന്റെ നിയമസാധുത കോടതി പരിശോധിച്ചിട്ടില്ല. 


2023 ഏപ്രിൽ 18 മുതൽ മേയ് 11 വരെ പത്തുദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹർജികളിൽ വാദം കേട്ടത്. 1954ലെ സ്പെഷൽ മാരേജ് ആക്ടിലെ നാലാം വകുപ്പു പ്രകാരം 21 വയസ്സു കഴിഞ്ഞ പുരുഷനും 18 വയസ്സുള്ള സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് ഒഴിവാക്കി രണ്ടു വ്യക്തികൾ തമ്മിലുള്ള വിവാഹം എന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹർജികളിൽ വാദം കേട്ട വേളയിൽ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. പുരുഷനും സ്ത്രീയും എന്നത് വ്യക്തികൾ എന്നും ഭാര്യയും ഭർത്താവും എന്നത് ദമ്പതികൾ എന്നും മാറ്റണമെന്നാണ് ഹർജിക്കാരുടെ വാദം. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. 

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ ലിംഗപരമായ വിവേചനം ഇതിലുണ്ടാകരുതെന്നാണ് ഹർജിക്കാരുടെ വാദം. സ്വവർഗ വിവാഹത്തിനു നിയമസാധുത ഇല്ലാത്തതിനാൽ ഈ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കൽ, പിൻതുടർച്ചാവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങൽ,ഇൻഷുറൻസ് പോളിസി എടുക്കൽ എന്നിങ്ങനെ പലകാര്യങ്ങളിലും തടസം നേരിടുന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 സ്വവർഗ വിവാഹം പാർലമെന്റിന്റെ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികവും നിയമപരവുമായ അവകാശങ്ങൾ വിവാഹത്തിന്റെ പേരിൽ നിഷേധിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. സ്പെഷൽ മാരേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമായിരിക്കും വിധിപ്രസ്താവം.

Reactions

MORE STORIES

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ