representative image
കൊച്ചി: സാരിക്കു പുറമേ സൽവാർ കമീസും ഷർട്ടും പാന്റ്സും വനിതാ ജുഡീഷ്യൽ ഓഫിസർമാർക്ക് ഇനി ഔദ്യോഗിക വേഷം. കീഴ്ക്കോടതികളിലെ വനിതാ ജഡ്‌ജിമാരുടെ നിവേദനം പരിഗണിച്ച് ഹൈക്കോടതി ഡ്രസ് കോഡ് പരിഷ്കരിച്ചു. അനുവദിക്കപ്പെട്ട വേഷങ്ങളിൽ മുഴുനീള പാവാടയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വെളുത്ത സാരിയും കറുത്ത ബ്ലൗസും വെളുത്ത കോളർ ബാൻഡും കറുത്ത ഗൗണുമാണ് ഇതുവരെ ഔദ്യോഗികവേഷമായി അനുവദിക്കപ്പെട്ടിരുന്നത്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വനിതാ ജഡ്ജിമാർ ഹൈക്കോടതി ഭരണവിഭാഗത്തിനു നിവേദനം നൽകിയിരുന്നു.
വെളുത്ത സാരി, കോളറുള്ള കറുത്ത ബ്ലൗസ്, വെളുത്ത ഹൈ നെക്ക്/കോളർ സൽവാർ, കറുത്ത കമീസ്, കറുത്ത ഫുൾ സ്ലീവ് കോട്ട്, വെളുത്ത ഹൈ നെക്ക് ബ്ലൗസ്/കോളറുള്ള ഷർട്ട്, കറുത്ത മുഴുനീള പാവാട/പാന്റ്സ്, കറുത്ത ഫുൾ സ്ലീവ് കോട്ട് എന്നീ വേഷങ്ങൾ ഇനി ഔദ്യോഗികമായിരിക്കും.