ചരിത്രം രചിക്കാൻ ഒരുങ്ങുന്ന മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന ഡിസംബർ 12ന് പാലായിൽ നടക്കുന്ന നവ കേരള ജനസദസ് വൻ വിജയമാക്കാൻ കേരള കോൺഗ്രസ് (എം) പ്രവർത്തകർ നേതൃത്വം നൽകണമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റും എൽഡിഎഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
ജനസദസ് വിജയിപ്പിക്കുവാൻ വേണ്ടി സംഘടിപ്പിക്കുന്ന പഞ്ചായത്ത് തല സ്വാഗതസംഗ യോഗങ്ങളും ഒക്ടോബർ 27 മുതൽ നടക്കുന്ന ബൂത്ത് തലയോഗങ്ങളും നവംബർ 5 മുതൽ ഡിസംബർ അഞ്ചുവരെ നടക്കുന്ന വീട്ടുമുറ്റയോഗങ്ങളും വൻ വിജയമാക്കുവാൻ കേരള കോൺഗ്രസ് എം എല്ലാതലത്തിലും നേതൃത്വം നൽകും.
വീട്ടുമുറ്റയോഗങ്ങളിൽ പരമാവധി പൊതുജനങ്ങളെ പങ്കെടുപ്പിക്കുകയും പ്രസ്തുത യോഗങ്ങളിൽ സർക്കാരിന്റെ ഇതുവരെയുള്ള വികസനവും ഇനി ഓരോ പ്രദേശത്തും ആവശ്യമുള്ള വികസന കാര്യങ്ങളും ചർച്ച ചെയ്ത് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും സമർപ്പിക്കും.
ബൂത്ത് തല യോഗങ്ങളും വീട്ടുമുറ്റയോഗങ്ങളും വിജയിപ്പിക്കാനുള്ള ഇടതുമുന്നണി നേതൃ ശില്പശാല ഒക്ടോബർ 23 തീയതി നാലുമണിക്ക് പാലായിൽ നടത്തും. ഒക്ടോബർ 30ന് മുൻപ് പാർട്ടി ഫണ്ട് പിരിവ് പൂർത്തിയാക്കുവാനും തീരുമാനിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. കെ ജെ ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, സാജൻ തൊടുക, ജയ്സൺ മാന്തോട്ടം, ബെന്നി തെരുവത്ത്, നിർമ്മല ജിമ്മി, പെണ്ണമ്മ ജോസഫ്, തോമസുകുട്ടി, ജോസുകുട്ടി പൂവേലിൽ, ആന്റോ പടിഞ്ഞാറേക്കര, റാണി ജോസഫ്, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു.