കോട്ടയം: പി ജെ ജോസഫ് കേരളത്തിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും, പ്രത്യേകിച്ച് കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ പ്ലസ്ടു പോലുള്ള പദ്ധതികൾ അനുവദിച്ചു വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്രമായ മാറ്റം സമ്മാനിച്ച ജനകീയനായ മന്ത്രിയായിരുന്നുവെന്നും, റവന്യൂ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം ഇടുക്കിയിലെ മലയോര കർഷകന്റെ അഭിലാഷങ്ങൾ നിറവേറ്റുവാനെടുത്ത ധീരമായ നടപടികൾ ആർക്കും വിസ്മരിക്കുവാനാവില്ലന്നും, കേരളത്തിലെ പൊതുമരാമത്ത് മന്ത്രിയായി പി ജെ ജോസഫ് അധികാരത്തിലിരുന്ന കാലഘട്ടത്തിലാണ് PWD വകുപ്പിൽ വൻ വികസനങ്ങളും നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാൻ സാധിച്ചതെന്നും സജി പറഞ്ഞു.
ചെറിയൊരു കാലയളവിൽ വൈദ്യുതി മന്ത്രിയായിരുന്ന ആ കാലഘട്ടത്തിൽ വൈദ്യുതി ബോർഡിനെ നശിപ്പിക്കുകയും, മനുഷ്യനിർമ്മിത പ്രളയം കേരളക്കരയ്ക്ക് സമ്മാനിച്ചതുമാണ് മണിയുടെ വികസനമെന്നും, കളരിയിൽപോലും പഠിക്കാത്ത "മണി" മണിയാശാനെന്ന് സ്വയം വാഴ്ത്തിപറഞ്ഞുകൊണ്ട് രാഷ്ട്രീയ നേതാക്കളെയും സ്ത്രീകളെയും നിരന്തരം അധിക്ഷേപിക്കുകയാണെന്നും സജി ആരോപിച്ചു.
ജനപ്രിയ നേതാക്കളായിരുന്ന ഉമ്മൻചാണ്ടിയെയും കെ എം മാണിയെയും ജീവിച്ചിരുന്നപ്പോൾ ഏറ്റവും കൂടുതൽ വേട്ടയാടിയ സിപിഎം, ഇപ്പോൾ പ്രിയപ്പെട്ട കർഷക നേതാവായ പി ജെ ജോസഫ് സാറിനെ അധിക്ഷേപിക്കാൻ എം എം മണിയെ ചുമതലപ്പെടുത്തിയിരിക്കുകയാണന്നും സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.
സംസ്ഥാന ഗവണ്മെന്റ് പാസാക്കിയിരിക്കുന്ന ഭൂപതിവ് ഭേദഗതി നിയമം സാധാരണക്കാർക്കും പാവപ്പെട്ട കൃഷിക്കാർക്കും പ്രയോജനകരമാക്കണമെന്നും, എം എം മണിക്കും അദേഹത്തിന്റെ സഹോദരൻ ലംബോധരനും ഇടുക്കിയിൽ ഏക്കർ കണക്കിന് വസ്തു കയ്യേറിയിട്ടുണ്ടന്നും, പുറംമ്പോക്കിലിരിക്കുന്ന CPM പാർട്ടി ഓഫീസുകൾ സംരക്ഷിക്കുന്നതിനുള്ള നിയമം മാത്രമാണ് പാസാക്കിയിരിക്കുന്നതെന്നുമുള്ള പി ജെ ജോസെഫിന്റെ പ്രസ്താവനയിൽ ഹാലിളകിയ മണി ഇപ്പോൾ വിഭ്രാന്തിയിലാണന്നും സജി പറഞ്ഞു.
രാഷ്ട്രീയ നേതാക്കളെയും സ്ത്രീകളെയും നിരന്തരം അധിക്ഷേപിക്കുന്ന മനോനില തെറ്റിയ മണിക്ക് ചികിൽസ നൽകണമെന്നും, ചങ്ങലയ്ക്കിടുവാൻ സിപിഎം തയ്യാറാകണമെന്നും, പി ജെ ജോസഫിനെ പോലെ മാന്യൻമാരായ നേതാക്കളെ ഇനിയും അധിക്ഷേപിച്ചാൽ ശക്തമായി അതിനെ പ്രതിരോധിക്കാൻ കേരള കോൺഗ്രസ് പാർട്ടി രംഗത്തുണ്ടനും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രി ആവാൻ സാധിക്കാത്ത മണിയുടെ മനോവിഷമം മൂലമാണോ യുഡിഎഫ് നേതാക്കൾക്കും, സ്ത്രീകളൾക്കും എതിരെ നിരന്തരം അധിക്ഷേപം അഴിച്ചുവിട്ടു പിണറായി സർക്കാരികനെതിരെ ജനവികാരം സൃഷ്ടിക്കാനുള്ള മണിയുടെ ശ്രമത്തിന്റെ ഭാഗമാണോ വിവരംകെട്ട ഇത്തരം പ്രസ്താവനയ്ക്ക് കാരണമെന്ന് സിപിഎം അന്വേഷണം നടത്തുന്നത് നല്ലതായിരിക്കുമെന്നും സജി പറഞ്ഞു.