പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കുന്നോന്നിയിലും സമീപപ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി.
കുന്നോന്നി ടൗണിനു സമീപമുള്ള ആയിലുക്കുന്നേൽ ഷോജിയുടെ പുരയിടത്തിലെ കപ്പ, ചേമ്പ് മുതലായ കൃഷികളും മുണ്ടാട്ട് എം.എം.ചാണ്ടിയുടെ പുരയിടത്തിലെ ചേമ്പും നശിപ്പിച്ചു.
വിളവെടുക്കാറായ 100 ചുവടിലേറെ കപ്പയാണു നശിപ്പിച്ചത്. കൃഷിയിടം മുഴുവൻ കുത്തിമറിച്ചെന്നു ഷോജി പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണു സംഭവം. തെക്കേക്കര പഞ്ചായത്തിലെ 7,8 വാർഡുകളിൽ കാട്ടുപന്നി, മുള്ളൻ, കുരങ്ങ്, പെരുമ്പാമ്പ് മുതലായവയുടെ ശല്യം മൂലം കൃഷിസ്ഥലത്തു പോകാൻ പറ്റാത്ത അവസ്ഥയാണെന്നു കർഷകർ പറഞ്ഞു.