ആലുവ: ലഹരി കേസുകളിൽ പ്രത്യേക കോടതി ഉണ്ടാക്കി ആറ് മാസത്തിനുള്ളിൽ ശിക്ഷിക്കപ്പെടാവുന്ന സാഹചര്യം ഉണ്ടാക്കണമെന്ന് മദ്യ വിമോചന സമരസമിതി ആവശ്യപ്പെട്ടു. സമിതി സംസ്ഥാന തലത്തിൽ ആലുവയിൽ നടത്തിയ ലഹരി വിരുദ്ധ നേതൃത്വ സംഗമം സംസ്ഥാന ചെയർമാൻ മുൻ എം.എൽ.എ അഡ്വ.ടി ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ആലുവ ടൗൺഹാളിന് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ സന്ദേശ റാലി എന്നിവയും ഉണ്ടായിരുന്നു. മദ്യത്തെ മാറ്റി നിറുത്തിക്കൊണ്ട് ലഹരി വിമുക്ത കേരളത്തിനായി സർക്കാർ നടത്തുന്ന പ്രചാരണം ആത്മാർത്ഥതയില്ലാത്തതാണെന്ന് നേതൃസംഗമം വിലയിരുത്തി. വ്യാപനത്തിന് സർക്കാർ ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്യുകയാണെന്ന് സംഗമം ആരോപിച്ചു.
വർക്കിംഗ് ചെയർമാൻ സി.ഐ അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ.എ ജോസഫ്, വൈസ് ചെയർമാൻ അഡ്വ.ചാർളി പോൾ, എ.അബ്ദുൾ റഷീദ്, കെ.ബദറുദ്ദിൻ, പി.എസ് ബാജിലാൽ, ഇ.പി വർഗീസ്, അഡ്വ.കെ ഉദയകുമാർ, പോൾ ചെവിടൻ, കെ.കെ വിജയൻ, ശശി നെട്ടിശേരി, കെ.എ മഞ്ജുഷ, ഹുസൈൻ കുന്നുകര, കെ.ജി വർഗീസ്, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.