അങ്കമാലി: മദ്യവർജനവും ബോധവൽക്കരണവും പറയുന്ന സർക്കാർ മദ്യശാലകളുടെ എണ്ണം ക്രമാതീതമായി കൂട്ടിയത് എന്തിന്റെ പേരിലാണ് എന്ന കാര്യം നവകേരള സദസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ വ്യക്തമാക്കണമെന്ന് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ജനഹിതം എന്ന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം ലഭിക്കുന്നതിനായി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ നിയമസഭ മണ്ഡലങ്ങളിൽ നടത്തുന്ന നവകേരള സദസിൽ മദ്യവ്യാപനവും മയക്ക്മരുന്ന് വ്യാപനവും എന്നതിനെ സംബന്ധിച്ച് ജനഹിത പരിശോധന കൂടി ഉൾപ്പെടുത്തണമെന്ന് കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ.ചാർളി പോൾ, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
മദ്യശാലകൾ വ്യാപകമാകുന്നത് ഇനിയെങ്കിലും ബാറുടമകളുമായുള്ള സർക്കാർ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കണം. ലഹരി വിമുക്ത കേരളം സൃഷ്ടിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി വോട്ട് നേടി അധികാരത്തിൽ വന്നെങ്കിലും അതിനു വിപരീത നയമാണ് ഇപ്പോൾ സംസ്ഥാനത്ത് പല ഘട്ടങ്ങളിലായി നടപ്പിലാക്കികൊണ്ടിരിക്കുനത്. മദ്യലോബിയെ സഹായിക്കുന്ന സമീപനത്തിൽ മാറ്റം വേണമെന്നും അവർ പറഞ്ഞു.
എൽ.ഡി.എഫ് സർക്കാർ 720 ലധികം ബാറുകളും 300 ൽ അധികം ബീയർ പാർലറുകളും കൂടാതെ ബവ് കോ- കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾ 317 എണ്ണവുമാണ് ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് എന്ന കാര്യം സർക്കാർ സൗകര്യപൂർവ്വം വിസ്മരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും വേദനാജനകവും അപലപനീയവുമാണ്. ഒരു വശത്ത് മദ്യശാലകൾ അനുവദിക്കുകയും മറുഭാഗത്ത് മദ്യവർജനം പറയുകയും ചെയ്യുന്ന നയം സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പ്രകടമാകുന്നത് സമിതി നേതാക്കളായ ചാർളി പോളും ഷൈബി പാപ്പച്ചനും അഭിപ്രായപ്പെട്ടു.