ഈരാറ്റുപേട്ട: നഗരസഭ 11ാം വാർഡ് കുറ്റിമരംപറമ്പ് ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും. 13നാണ് വോട്ടെണ്ണൽ. എസ്.ഡി.പി.ഐ അംഗമായിരുന്ന അൻസാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒരു വർഷം മുമ്പ് എൻ.ഐ.എ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അൻസാരിക്ക് നഗരസഭ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
ആറുമാസം അവധി അനുവദിച്ചിരുന്നുവെങ്കിലും അതിന്ശേഷവും ജാമ്യം ലഭിക്കാതായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുകയായിരുന്നു. നഗരസഭയിൽ എസ്.ഡി.പി.ഐ.ക്ക് അഞ്ച് അംഗങ്ങളാണ് ഉണ്ടായിരുന്നത്. അൻസാരിയെ അയോഗ്യനാക്കിയതോടെ അംഗസംഖ്യ നാലായി. 28 അംഗ നഗരസഭയിൽ 12 - യു.ഡി.എഫ്, 2 - വെൽഫെയർ പാർട്ടി, 9 - എൽ.ഡി.എഫ്, 5 - എസ്.ഡി.പി.ഐ എന്നതായിരുന്നു കക്ഷി നില.

യു.ഡി.എഫ് ആണ് ഭരണകക്ഷി. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിൽ ചലനങ്ങൾ ഉണ്ടാക്കില്ലെങ്കിലും ഒരു ഡിവിഷൻകൂടി പിടിച്ച് ഭരണസ്ഥിരത ഉറപ്പാക്കാനാണ് യു.ഡി.എഫ് ശ്രമം. മുസ്ലിം ലീഗിനാണ് സീറ്റെങ്കിലും സ്ഥാനാർഥിയെ ഉറപ്പിച്ചിട്ടില്ല. നാളെയോ മറ്റന്നാളോ ഇടതു മുന്നണി യോഗം ചേർന്ന് സ്ഥാനാർഥിയെ തീരുമാനിക്കും.
