കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെത്തിയപ്പോള്‍ ആശുപത്രിയില്‍നിന്ന് ലഭിച്ചത് മറ്റൊരു മൃതദേഹം. കാഞ്ഞിരപ്പള്ളിയിലെ മേരി ക്വീന്‍സ് ആശുപത്രിയിലാണ് അസാധാരണവും വിചിത്രവുമായ സംഭവം നടന്നത്.
ഇന്ന് രാവിലെ ആശുപത്രിയിലെത്തി ശോശാമ്മയുടെ മൃതദേഹം കൊണ്ടു പോകാനൊരുങ്ങുന്നതിനിടെയാണ് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ക്ക് വ്യക്തമായത്. ശോശാമ്മയുടെ മൃതദേഹം എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ അത് മറ്റൊരു കൂട്ടര്‍ കൊണ്ടുപോയി സംസ്കരിച്ചുവെന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്.
രണ്ടു ദിവസം മുമ്പാണ് ഹൃദയാഘാതത്തെതുടര്‍ന്ന് മേരി ക്വീന്‍സ് ആശുപത്രിയില്‍ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ശോശാമ്മ മരിക്കുന്നത്. ആശുപത്രിയില്‍ മോര്‍ച്ചറി സൗകര്യമുള്ളതിനാല്‍ മൃതദേഹം അവിടെ സൂക്ഷിക്കുകയായിരുന്നു. ഇന്നായിരുന്നു ശോശാമ്മയുടെ സംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്.
ശോശാമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അതേ സമയത്ത് തന്നെ സമാനമപ്രായമുള്ള ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മ എന്ന സ്ത്രീയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ശോശാമ്മയുടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് അവരുടെതല്ലെന്നും ചിറക്കടവ് സ്വദേശിനിയുടെതാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമുയര്‍ന്നു.
ചിറക്കടവ് സ്വദേശിനിയുടെ മൃതദേഹം എന്ന നിലയില്‍ ശോശാമ്മയുടെ മൃതദേഹം കൈമാറിപോവുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു. ചിറക്കടവ് സ്വദേശിനിയുടെ മൃതദേഹമാണെന്ന ധാരണയില്‍ അവര്‍ സംസ്കരിക്കുകയും ചെയ്തു. മൃതദേഹം മാറി നല്‍കിയുള്ള ഗുരുതരമായ വീഴ്ച എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ആശുപത്രിക്ക് മുന്നില്‍ ശോശാമ്മയുടെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്.