രണ്ടാം ദിവസവും മോട്ടർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞതിനു പിന്നാലെ, റോബിൻ ബസിനെ തമിഴ്നാട്ടിലും തടഞ്ഞു. വാളയാർ അതിർത്തി കടന്നെത്തിയ ബസിനെ തമിഴ്നാട് ആർടിഒ ആണ് തടഞ്ഞത്. ബസിന്റെ രേഖകൾ പരിശോധിക്കാനാണ് തടഞ്ഞതെന്നാണ് വിവരം. ബസ് ഗാന്ധിപുരം ആര്‍ടിഒ ഓഫിസിലേക്ക് മാറ്റാൻ നിർദേശം നൽകി.
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന റോബിൻ ബസിനെ ഞായറാഴ്ച തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വച്ച് എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. പെർമിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയയ്‌ക്കുകയായിരുന്നു.
ഇന്നലെ, 40 സീറ്റിന് 800 രൂപ വീതം 32,000 രൂപ തമിഴ്നാട് ടാക്സും അതു മുൻകൂട്ടി അടയ്ക്കാത്തതിന് 32,000 രൂപ പിഴയും ഉൾപ്പെടെ 70,410 രൂപ വാളയാറിനു സമീപം ചാവടി ചെക്പോസ്റ്റിൽ തമിഴ്നാട് മോട്ടർ വാഹന വകുപ്പും ഈടാക്കിയിരുന്നു.
പാലാ ഇടമറുക് പാറയിൽ ഗിരീഷിന്റെ റോബിൻ എന്ന ബസിനെ ഇന്നലെ എംവിഡി ഉദ്യോഗസ്ഥർ നാലിടത്ത് തടഞ്ഞ് പിഴയിട്ടു. കേന്ദ്ര നിയമമനുസരിച്ച് അഖിലേന്ത്യ പെർമിറ്റ് കിട്ടിയ ബസിനെതിരെ പെർമിറ്റ് ലംഘനത്തിന്റെ പേരിലാണ് കേരള മോട്ടർ വാഹന വകുപ്പ് അഞ്ചിടത്ത് 7500 രൂപ വീതം 37,500 രൂപ പിഴയിട്ടത്.