ഒരു വീട്ടിലേക്കാണ് രാത്രി തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ. കടത്തിക്കൊണ്ടു പോയവരിൽ ആരെയെങ്കിലും നേരത്തെ അറിയാമായിരുന്നോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നാണു കുട്ടിയുടെ മറുപടി. ആശ്രാമം മൈതാനത്ത് എത്തിച്ച ശേഷം, പോയിട്ട് വരാമെന്നാണ് അവര്‍ പറഞ്ഞതെന്നും അബിഗേല്‍ പൊലീസിനോടു പറഞ്ഞു.
ഇന്നലെ വൈകിട്ട് നാലരയോടെ തട്ടിയെടുക്കപ്പെട്ട ഓയൂർ കാറ്റാടി ഓട്ടുമല റെജി ഭവനിൽ റെജിയുടെ മകൾ അബിഗേൽ റെജിയെ ഇന്ന് ഉച്ചയ്ക്കാണ് ആശ്രാമം പരിസരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. എസ്എൻ കോളജിലെ വിദ്യാർഥികളാണ് കുട്ടിയെ ആദ്യം കണ്ടത്. ആദ്യം കണ്ടപ്പോൾ ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നതായി വിദ്യാർഥികൾ പറയുന്നു.
കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലായിരുന്ന കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. കുട്ടിയെ നാളെയെ വീട്ടിലേക്കു വിടൂ എന്നാണ് വിവരം. അമ്മയുമായി അബിഗേല്‍ വിഡിയോ കോളിൽ സംസാരിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയവർക്കായി തിരച്ചിൽ തുടരുന്നു. കുട്ടിയെ ഉപേക്ഷിച്ചശേഷം ഇവർ കടന്നുകളഞ്ഞുവെന്നാണ് വിവരം.