കോട്ടയം: കൊല്ലം കൊട്ടാരക്കരയിൽ ആറു വയസുകാരിയെ തട്ടിപ്പ് സംഘം തട്ടിക്കൊണ്ട് പോയ സംഭവത്തിൽ സംസ്ഥാന വ്യാപകമായ കരുതൽ നടപടികൾക്ക് സർക്കാർ മുൻ കൈയെടുക്കണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ. കുരുന്നുകളെ തട്ടിയെടുത്ത് വിലപേശൽ നടത്തുന്ന സംഘങ്ങളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാനാവണം എന്ന് സിറിയക് ചാഴിക്കാടൻ പറഞ്ഞു.
ഇതിനായ് കുട്ടികൾക്കും മാതാപിതാക്കൾക്കും ബോധവത്ക്കരണ ക്ലാസുകൾ ഉൾപ്പെടെ സംഘടിപ്പിക്കുവാൻ സർക്കാർ സംവിധാനങ്ങൾ വേണ്ട ക്രമീകരണം നടത്തണം. ഇത്തരം സംഘങ്ങളിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നത് സംബന്ധിച്ച പരിശീലനവും ബോധവത്ക്കരണവും സംസ്ഥാന വ്യാപകമായി നടത്തുന്നതിലൂടെ ഒരു പരിധി വരെ വിഷയത്തിന് പരിഹാരം കാണാനാകും. ഇതിനായ് സംസ്ഥാന പോലീസിന്റെ നേതൃത്വത്തിൽ കുട്ടികളെ കേന്ദ്രീകരിച്ച് ക്ലാസുകൾ സംഘടിപ്പിക്കുവാനും മാതാപിതാക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകുവാനും ഇതിലൂടെ കഴിയണം.
കൊല്ലത്ത് നടന്ന സംഭവം കേരളക്കരയാകെ ഏറ്റെടുത്തതാണ്. 6 വയസ്സ് മാത്രമുള്ള അബിഗേൽ സാറായെന്ന കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. സംസ്ഥാന വ്യാപകമായി തിരച്ചിൽ ശക്തമാക്കിയ ഘട്ടത്തിലാണ് ആശ്രമം മൈതാനത്തിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രതയും ബോധവത്കരണവും ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.