കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളിൽ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ ഏഴ് കോൺക്ലേവുകൾ നടത്തും. കേരളത്തിന്റെ വികസന കുതിപ്പിന് മാറ്റേകുന്ന ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ടൂറിസം, യുവജനം, വ്യവസായം, വനിതാ ശിശു വികസനം എന്നീ വിഷയങ്ങളിലുള്ള ചർച്ചകൾ കോൺക്‌ളേവിന്റെ ഭാഗമായി നടക്കും. വിവിധ മേഖലകളിൽ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കും.
നവംബർ 25,28,29,30, ഡിസംബർ നാല്, ആറ് തീയതികളിലാണ് കോൺക്‌ളേവുകൾ. വേദികൾ നിശ്ചയിക്കുന്നതിനുള്ള ആലോചന യോഗം നവംബർ 17 മുതൽ 21 വരെ നടക്കും. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.ശങ്കർ, ഏറ്റുമാനൂർ എ.ഇ.ഒ: ശ്രീജ പി.ഗോപാൽ, ടൂറിസം വകുപ്പു ഡെപ്യൂട്ടി ഡയറക്ടർ കെ.കെ പത്മകുമാർ, ഏറ്റുമാനൂർ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ: ടി.ജ്യോതി, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ അഭിലാഷ് ദിവാകരൻ, ഏറ്റുമാനൂർ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ ഷിമിമോൾ, എക്‌സൈസ് വകുപ്പ് വിമുക്തി മിഷൻ എന്നിവർക്കാണ് കോൺക്ലേവ് നടത്തിപ്പിന്റെ ചുമതല.
ഏറ്റുമാനൂർ നഗരത്തിൽ പ്രൗഢഗംഭീരമായ വിളംബര ജാഥ, സാംസ്‌കാരിക റാലി എന്നിവ നവകേരളസദസിനു മുന്നോടിയായി സംഘടിപ്പിക്കും.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ പ്രോഗ്രാം കമ്മറ്റി ചെയർമാൻ അജയൻ കെ.മേനോൻ, നവകേരള സദസ് സംഘാടകസമിതി ജോയിന്റ് കൺവീനർ കെ.എൻ വേണുഗോപാൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഏറ്റുമാനൂർ നഗരസഭാംഗമായ ഇ.എസ് ബിജു, വിവിധ കമ്മറ്റി കൺവീനർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.