കോട്ടയം: ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത - ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. കളക്ടറേറ്റിൽ നിന്നാരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ വി.വിഗ്നേശ്വരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ, ഗാർഹീകപീഡനം, ലിംഗ വിവേചനം, സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങൾ തുടങ്ങിയവ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കുകയാണ് ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അമൃത മിഷൻ പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട പരിപാടിയിൽ തെരുവ് നാടകം, കുടിവെള്ള പരിശോധന, മെസ്സേജ് മിറർ സ്ഥാപിക്കൽ തുടങ്ങിയവയും നടത്തി. കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയേഴ്സും അദ്ധ്യാപകരുമാണ് ഇതിന് നേതൃത്വം നൽകിയത്.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, വനിത - ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ, സി.ഡി.എസ് പ്രോഗ്രാം ഓഫീസർ റെയ്ച്ചൽ ഡേവിഡ്, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എം.വി സുനിത, ഐ.സി.ഡി.എസ് പ്രവർത്തകർ, സി.എം.എസ് കോളജ്, ബസേലിയസ് കോളജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ റാലിയിൽ പങ്കെടുത്തു. റാലി നാഗമ്പടത്ത് അവസാനിച്ചു.