കോട്ടയം: റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം ആദ്യ ഘട്ടം ഡിസംബറിൽ തുറന്ന് കൊടുക്കുമെന്ന് തോമസ് ചാഴികാടൻ എംപി വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ റെയിൽവേ ഡിആർഎം എസ്.എൻ ശർമ്മ അറിയിച്ചു. രണ്ട് എസ്കലേറ്ററുകൾ ടിക്കറ്റ് കൗണ്ടറുകൾ എന്നിവ ഉൾപ്പടെ രണ്ടാം കവാടം പൂർണ്ണമായും 2024 മാർച്ച് മാസത്തിന് മുൻപായി പ്രവർത്തന ക്ഷമമാവും എന്ന് റെയിൽവേ അധികൃതർ എംപിക്ക് ഉറപ്പ് നൽകി.
എല്ലാ പ്ലറ്റ്ഫോമുകളയും ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർബ്രിഡ്ജും മാർച്ച് മസത്തിന് മുൻപ് പൂർത്തിയാകും. റെയിൽവേ സ്റ്റേഷനെയും റബ്ബർ ബോർഡ് ഓഫീസിനെയും ബന്ധിപ്പിക്കുന്ന മദർ തെരേസ റോഡിൻറെ പുനർ നിർമ്മാണവുമായി ബദ്ധപ്പെട്ട് ഡിസൈൻ തയ്യാറാക്കുന്നതിലേക്കായി IIT യുടെ റിപ്പോർട്ട് ഉടൻ ലഭിക്കുന്നതും നിർമ്മാണത്തിനുള്ള തുടർ നടപടികൾ ഉടൻ ആരംഭിക്കുന്നതുമാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു.
ഗുഡ് ഷെഡ് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തുവാനുള്ള നീക്കം താൽകാലികമായി നിർത്തിവെക്കും. കോട്ടയം സ്റ്റേഷൻറെ രണ്ടാം പ്രവേശന കവാടത്തിന്റെ നിർമ്മാണം പൂർത്തിയായ ശേഷം ആവശ്യമായ വിലയിരുത്തൽ നടത്തും. യാതൊരു കാരണവശാലും ഗുഡ്‌ഷെഡ് റോഡിലൂടെയുള്ള ഗതാഗതം നിർത്തിവെക്കുവാൻ അനുവദിക്കുകയില്ല എന്ന് എം.പി അറിയിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റുഫോമുകളിലെ ചോർച്ച ഒഴിവാക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കാനും പ്ലാറ്റുഫോമുകൾക്ക് പൂർണ്ണമായും മേൽക്കൂര തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
മണ്ഡലകാലം തുടങ്ങും മുൻപ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ പാർക്കിഗ് സൗകര്യം സജ്ജമാക്കുന്നതാണെന്ന് റെയിൽവേ അറിയിച്ചു. ശബരിമല മണ്ഡല മകരവിളക്ക് കാലത്തു തീർഥാടകർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇരുമുടി കെട്ടുകൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ, തീർഥാടകർക്ക് വിശ്രമിക്കുവാനുള്ള അധിക സൗകര്യങ്ങൾ, KSRTC ബസുകൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ എന്നിവ സജ്ജമാക്കുന്നതാണ്.
കുമരനെല്ലൂർ റെയിൽവേ സ്റ്റേഷനിൽ എറണാകുളം ഭാഗത്തേക്കുള്ള ലൈനിൽ പ്ലാറ്റ്‌ഫോം ഉയർത്തി നിർമ്മിക്കും. രണ്ട് പ്ലാറ്റുഫോമുകളെ തമ്മിൽ ബന്ധിപ്പിച്ചു ഫൂട്ട് ഓവർബ്രിഡ്ജും (FOB), ആവശ്യമായ പ്ലാറ്റഫോം ഷെൽട്ടർ എന്നിവ നിർമ്മിക്കുന്നതാണ്. വളവുകൾ നിവർത്തി കായംകുളം-കോട്ടയം-എറണാകുളം പാതയിൽ വേഗം മണിക്കൂറിൽ 110 കിലോമീറ്ററായി വർദ്ധിപ്പിക്കുവാനുള്ള പദ്ധതി അടുത്ത മാർച്ചിൽ പൂർത്തിയാകുമെന്നും റെയിൽവേ അറിയിച്ചു.
മുട്ടമ്പലം-ചന്തക്കടവ് റോഡിലെ റെയിൽവേ അണ്ടർ പാസ്സിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ, അപ്പ്രോച് റോഡുകൾ നന്നാക്കുന്നതിനുള്ള നടപടികൾ എന്നിവ കൈക്കൊള്ളുന്നതാണ്. അതോടൊപ്പം തന്നെ കാൽനട യാത്രക്കാർക്ക് ആവശ്യമായ വെളിച്ചം ലഭിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തുന്നതാണ്.
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റുഫോമിലുടെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 15 കിലോമീറ്ററിൽ നിന്നും 45 കിലോമീറ്ററായി വർധിപ്പിക്കുന്നതിനുള്ള പദ്ധതി പൂർത്തിയായി വരുന്നു. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി Viaduct നിർമ്മിച്ചപ്പോൾ തോടുകൾ, കലുങ്ക് എന്നിവ അടഞ്ഞതുമൂലം മൂലവട്ടം കുറ്റിക്കാട് ദേവി ക്ഷേത്രത്തിനു സമീപമുള്ള വീടുകളിൽ വെള്ളക്കെട്ട് ഉണ്ടായത് പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.
എം.പി യുടെ നിർദേശാനുസരണം മണ്ഡലത്തിലെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്. അവലോകന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ.MLA, കോട്ടയം നഗരസഭാ കൗൺസിലർമാരായ മോളിക്കുട്ടി സെബാസ്റ്യൻ, സിൻസി പാറയിൽ, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ എസ്.എൻ ശർമ്മ, സീനിയർ ഡിവിഷണൽ എഞ്ചിനിയർ നരസിംഹ ചാരി, സീനിയർ ഡി.സി.എം ഹരികൃഷ്ണൻ മറ്റ് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, ജോജി കുറത്തിയാടൻ എന്നിവർ പങ്കെടുത്തു.