കോട്ടയം: നവകേരള സദസ്സ് പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിനു മുന്‍പുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ പരിപാടിയാണിതെന്നും സര്‍ക്കാര്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
'നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെ കൈയില്‍ ഒരു നിവേദനം പോലും കൊടുക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി തൊഴിലുറപ്പ് തൊഴിലാളികളെയും അംഗനവാടി ജീവനക്കാരേയും ഹരിത കര്‍മ സേനയേയും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പാര്‍ട്ടിക്കാരേയും വിളിച്ചുകൂട്ടി നടത്തുന്ന മാമാങ്കമാണിത്. ഇതുകൊണ്ട് ജനങ്ങള്‍ക്കും കേരളത്തിനും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. കേവലമൊരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണിത്. സര്‍ക്കാര്‍ പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. എന്നാല്‍ ഇവിടെ മുഴുവന്‍ രാഷ്ട്രീയമാണ് പറയുന്നത്. കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും ആക്ഷേപിക്കുക എന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്', ചെന്നിത്തല പറഞ്ഞു.
പരിപാടിയുടെ സംഘാടനത്തില്‍ വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. പരിപാടിക്കായി പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ വന്‍തോതില്‍ പണപ്പിരിവ് നടത്തുകയാണ്. സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടിക്കാര്‍ പണപ്പിരിവ് നടത്തുന്നത് ഒരിക്കലും കേരളത്തില്‍ ഉണ്ടാകാത്ത കാര്യമാണ്. പരാതി വാങ്ങാനാണെങ്കില്‍ ഓണ്‍ലൈനില്‍ വാങ്ങിയാല്‍ പോരെ, എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചു മാമാങ്കം നടത്തുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ആഡംബരം ഇല്ലെങ്കില്‍ എന്തിനാണ് സര്‍ക്കാര്‍ ഒന്നരക്കോടി രൂപ ചെലവാക്കിയതെന്ന് ചോദിച്ച ചെന്നിത്തല, ആഡംബര വാഹനം ഓടിക്കുന്ന കെ.എസ്ആര്‍.ടി.സി. ഡ്രൈവര്‍ക്ക് ശമ്പളം കിട്ടിയോ എന്ന് മുഖ്യമന്ത്രി തിരക്കണമെന്നും ആവശ്യപ്പെട്ടു. എ.കെ. ബാലന്‍ പറഞ്ഞതുപോലെ വാഹനം അല്ല മ്യൂസിയത്തില്‍ വയ്‌ക്കേണ്ടത്, ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തില്‍ വച്ചാല്‍ കാണാന്‍ ആള് കൂടുമെന്നും അദ്ദേഹം പരിഹസിച്ചു.