കോട്ടയം: യുവജനങ്ങൾക്കിടയിൽ ആത്മഹത്യാപ്രവണതകൾ വർധിക്കുന്ന സാഹചര്യത്തിൽ മാനസികാരോഗ്യത്തിനായി യുവജന കമ്മീഷന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ തയാറാക്കുമെന്ന് യുവജന കമ്മീഷൻ ചെയർമാൻ എം.ഷാജർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജനകമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനുളള പ്രാരംഭപ്രവർത്തനങ്ങൾക്കായി എം.എസ്.ഡബ്ല്യൂ വിദ്യാർഥികളുടെ നേതൃത്വത്തിൽ സർവേ നടന്നുവരികയാണ്. ജനുവരി ഒന്നിന് സർവേ റിപ്പോർട്ട് കമ്മീഷൻ മുൻപാകെ സമർപ്പിക്കും. വിദേശ തൊഴിൽ തട്ടിപ്പുകൾ വർധിക്കുന്നതിനാൽ സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ജാഗ്രത പുലർത്തണം. ലോൺ ആപ്പ് പോലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ചു യുവാക്കൾ ബോധവാന്മാരാകണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
എം.ജി സർവകലാശാലയിൽനിന്നു ബി.ടെക് ബിരുദം നേടിയ വിദ്യാർത്ഥികളുടെ ക്രെഡിറ്റ് പോയിന്റ് ആവറേജ് വിഷയത്തിലും അദാലത്തിലൂടെ പരിഹാരമായി. കമ്മീഷൻ അംഗങ്ങളായ ഗ്രീഷ്മ അജയഘോഷ്, അബേഷ് അലോഷ്യസ്, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, നിയമോപദേശക വിനിത വിൻസെന്റ്, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവർ അദാലത്തിൽ പങ്കെടുത്തു. 13 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ ആറെണ്ണം തീർപ്പാക്കി. ഏഴു പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു. പുതുതായി മൂന്ന് പരാതികളും ലഭിച്ചു.