കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത് നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ് ഡിസംബർ 12,13,14 തീയതികളിൽ കോട്ടയം ജില്ലയിൽ നടക്കുമെന്ന് സഹകരണ - രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റിൽ നടന്ന നിയമസഭാ നിയോജകമണ്ഡലം സംഘാടകസമിതി ഭാരവാഹികളുടെയും ജില്ലാതല ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുണ്ടക്കയം സെന്റ്.മേരീസ് ലാറ്റിൻ ചർച്ച് ഗ്രൗണ്ടിലും കാഞ്ഞിരപ്പള്ളിയിലേത് വൈകിട്ട് നാലിന്. പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും പാലായിലേത് വൈകിട്ട് അഞ്ചിന് പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലും നടക്കും. ഏറ്റുമാനൂർ മണ്ഡലത്തിലെ നവകേരള സദസ് ഡിസംബർ 13ന് രാവിലെ 10ന് ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌ക്കൂൾ മൈതാനത്തും പുതുപ്പള്ളിയിലേത് ഉച്ചകഴിഞ്ഞ് മൂന്നിന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിലും ചങ്ങനാശേരി മണ്ഡലത്തിൽ വൈകിട്ട് നാലിന് എസ്.ബി കോളജ് ഗ്രൗണ്ടിലും കോട്ടയത്ത് വൈകിട്ട് ആറിന് തിരുനക്കര മൈതാനത്തും നടക്കും.
കടുത്തുരുത്തി മണ്ഡലം നവകേരള സദസ് ഡിസംബർ 14ന് രാവിലെ 11ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡിലും വൈക്കത്തേത് ഉച്ചകഴിഞ്ഞ് മൂന്നിന് സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലും (ആശ്രമം സ്‌കൂൾ) നടക്കും. രാജ്യത്ത് ഇതാദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും നിയമസഭാ മണ്ഡലതലത്തിൽ നേരിട്ട് ജനങ്ങളുമായി സംവദിക്കാനും വികസനപ്രവർത്തനങ്ങൾ ചർച്ചചെയ്യാനും നിർദ്ദേശങ്ങൾ കേൾക്കാനും പരാതികൾ സ്വീകരിക്കാനും എത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഡിസംബർ 13നു രാവിലെ ഒമ്പതിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് പ്രഭാതയോഗം കോട്ടയം ജറുസലേം മാർത്തോമാ പള്ളി ഓഡിറ്റോറിയത്തിലും ഡിസംബർ 14ന് രാവിലെ ഒമ്പതിന് കുറവിലങ്ങാട് പള്ളി പാരിഷ് ഹാളിലും നടക്കും. വിവിധ മണ്ഡലങ്ങളിൽനിന്ന് ക്ഷണിക്കപ്പെട്ട 200 പേർ വീതം യോഗങ്ങളിൽ പങ്കെടുക്കും.
പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനം
നവകേരള സദസിൽ ജനങ്ങളുടെ എല്ലാ പരാതികളും സ്വീകരിക്കുന്നതിന് പ്രത്യേകസംവിധാനമൊരുക്കും. പരാതികൾ സ്വീകരിക്കുന്നതിന് ആറു മുതൽ 10 കൗണ്ടറുകൾ വരെ ഓരോ വേദിയിലും ഒരുക്കും. പരാതി സ്വീകരിച്ച് അപേക്ഷകന് രസീത് നൽകും. പരാതികൾ എഴുതി നൽകാം. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. നിശ്ചിതദിവസത്തിനകം നടപടി സ്വീകരിക്കും. പരാതികൾ സംബന്ധിച്ച നടപടികൾക്കായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെ ജില്ലയുടെ നോഡൽ ഓഫീസറായി നിയോഗിച്ചിട്ടുണ്ട്.
പരാതികൾ, അപേക്ഷകൾ നൽകാനെത്തുന്ന ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും പ്രത്യേകപരിഗണന നൽകി സൗകര്യം ഒരുക്കാൻ മന്ത്രി നിർദ്ദേശിച്ചു. വിവിധ മണ്ഡലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ബൂത്തുതല സംഘാടക സമിതികൾ ഈ ആഴ്ചയിൽ തന്നെ പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. എല്ലാ വകുപ്പുകളുടെയും ഉദ്യോഗസ്ഥർ ബൂത്തുതലം വരെയുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.
നവകേരള സദസ് വേദികളിൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്താൻ പൊലീസിന് നിർദ്ദേശം നൽകി. ജനങ്ങൾക്ക് ബുദ്ധിമുട്ടുസൃഷ്ടിക്കാതെയും ഗതാഗതക്കുരുക്ക് ഉണ്ടാകാത്തനിലയിലും മുൻകൂട്ടി ഗതാഗത-പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്താൻ നിർദ്ദേശം നൽകി.
യോഗത്തിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ സി.കെ ആശ, അഡ്വ.സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ.ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി.നിർമ്മൽ കുമാർ, നിയമസഭമണ്ഡലം സംഘാടകസമിതി ചെയർമാൻമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുമായ പി.വി സുനിൽ, പ്രൊഫ.ടോമിച്ചൻ ജോസഫ്, കൺവീനർമാർ, വിവിധവകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.