പാലാ: ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയും ഗുരുവായൂരപ്പനെക്കുറിച്ചുള്ള നിരന്തരമായ കാരിക്കേച്ചറുകളിലൂടെ ശ്രദ്ധേയനായ ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളയും പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനും വഴിപാടിനുമായി എത്തി. ഇന്ന് രാവിലെ ഏഴുമണിയോടെ ക്ഷേത്രത്തിലെത്തിയ ഇരുവരെയും കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും വിശേഷാല്‍ വഴിപാടുകള്‍ നടത്തി.
കാവിന്‍പുറം ക്ഷേത്രം മേല്‍ശാന്തി ഇടമന രാജേഷ് വാസുദേവന്‍ നമ്പൂതിരി ഇരുവര്‍ക്കും വഴിപാട് പ്രസാദം വിതരണം ചെയ്തു. ദേവസ്വം ഭാരവാഹികളായ റ്റി.എന്‍ സുകുമാരന്‍ നായര്‍, ആര്‍.സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയെയും ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളയേയും പൊന്നാട അണിയിച്ചാദരിച്ചു. ഉമാമഹേശ്വരന്‍മാര്‍ സ്വരൂപത്തില്‍ വാഴുന്ന അത്യപൂര്‍വ്വ ക്ഷേത്രമായ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് ഇരുവരും പറഞ്ഞു.
അരമണിക്കൂറോളം ദര്‍ശനത്തിനും മറ്റുമായി ഇരുവരും ക്ഷേത്രത്തില്‍ ചെലവഴിച്ചു. മുന്‍കൂട്ടി അറിയിച്ചതനുസരിച്ചാണ് ഇരുവരും വഴിപാടിനും ദര്‍ശനത്തിനുമായി എത്തിയത്. കാവിന്‍പുറം ദേവസ്വം ഭാരവാഹികളായ ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, രാമകൃഷ്ണന്‍ നായര്‍ തുമ്പയില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയെയും ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളയേയും സ്വീകരിച്ചത്.
ഗുരുവായൂര്‍ മേല്‍ശാന്തിയായി രണ്ട് ടേമില്‍ പ്രവര്‍ത്തിച്ചുവെന്ന അത്യപൂര്‍വ്വത മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിക്ക് സ്വന്തമാണ്. ഗുരുവായൂരപ്പനെക്കുറിച്ചുള്ള ആയിരക്കണക്കിന് കാരിക്കേച്ചറുകളിലൂടെ ശ്രദ്ധേയനാണ് ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള.