പാലാ: ശബരിമല തീർഥാടകർക്ക് കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളത്തിലെത്തുന്നതിനുള്ള പ്രധാനപാതയായ കടപ്പാട്ടൂരിൽ മുന്നറിയിപ്പുകളില്ലാത്തത് അപകട സാധ്യതയുണ്ടാക്കുന്നു. ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ തീർഥാടകർക്കായി മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നാളുകളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്.
ഹൈവേയിലൂടെ വരുന്ന വാഹനങ്ങളെ ബൈപ്പാസിലൂടെയെത്തുന്ന വാഹനങ്ങളിലുള്ളവർക്കും തിരിച്ചും കാണാൻ കഴിയാത്ത അവസ്ഥയാണ്. ബൈപ്പാസിലൂടെയെത്തുന്ന വാഹനങ്ങൾ ശ്രദ്ധയില്ലാതെ ഹൈവേയിലേക്ക് പ്രവേശിച്ചാൽ അപകടസാധ്യത കൂടുതലാണ്.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് മണ്ഡലകാലത്ത് ബൈപ്പാസിലൂടെ പൊൻകുന്നം റോഡിലേക്ക് എത്തുന്നത്. ജങ്ഷനിൽ മുന്നറിയിപ്പ് ബോർഡുകളോ, സ്പീഡ് ബ്രേക്കറുകളോ സ്ഥാപിച്ചിട്ടില്ല. ജങ്ഷൻ വികസിപ്പിച്ച് റൗണ്ടാന സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പലതവണ അധികാരികളെ അറിയിച്ചിട്ടും നിസ്സംഗത തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇവിടെ ചെറിയതോതിലുള്ള അപകടങ്ങൾ പതിവാണ്. ശബരിമല തീർഥാടനം തുടങ്ങുന്നതോടെ തിരക്ക് പതിന്മടങ്ങ് വർധിക്കാറുണ്ട്.