പാലാ: കോട്ടയം ജില്ല ആതിഥ്യം വഹിക്കുന്ന സംസ്ഥാന വനംകായികമേള പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭേദചിന്തകളില്ലാതെ മത്സരാർഥികൾ എന്ന നിലയിൽ ഒറ്റമനസോടെ പ്രവർത്തിക്കുമ്പോൾ കാലഘട്ടം ആവശ്യപ്പെടുന്ന മതേതര ബോധത്തിന്റെ പതാകയും ആദർശനിഷ്ഠയുടെ ദീപശിഖയും ആണ് ഉയർത്തിപ്പിടിച്ചിരിക്കുന്നതെന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി നടന്ന മാർച്ച് പാസ്റ്റിൽ മന്ത്രി എ.കെ ശശീന്ദ്രൻ വനംവകുപ്പ് കായികതാരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.
വനംവകുപ്പിന്റെ ബി.ടി.ടി കെപ്പ, സെൻട്രൽ സർക്കിൾ, ഈസ്‌റ്റേൺ സർക്കിൾ, നോർത്തേൺ സർക്കിൾ, സതേൺ സർക്കിൾ, ഹൈറേഞ്ച് സർക്കിൾ ഡിവിഷനുകൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. മാർച്ച് പാസ്റ്റിനുശേഷം പതാക ഉയർത്തൽ കർമവും മന്ത്രി നിർവഹിച്ചു.
കായികമേള ജനറൽ കൺവീനറും വനംവകുപ്പ് ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്ററുമായ ആർ.എസ് അരുൺ ദീപശിഖ മന്ത്രിക്ക് കൈമാറി. മന്ത്രിയിൽനിന്ന് വനംവകുപ്പിന്റെ കായികതാരങ്ങളായ ഒളിംപ്യൻ അനിൽഡ തോമസും ആർ.അനുവും ദീപശിഖ ഏറ്റുവാങ്ങി. ആദ്യദിനം നടന്ന അമ്പെയ്ത്ത് മത്സരത്തിലെ വിജയികൾക്ക് മന്ത്രി എ.കെ ശശീന്ദ്രൻ മെഡലുകൾ സമ്മാനിച്ചു.
ഹരിതച്ചട്ടം പൂർണമായും പാലിച്ചു നടത്തുന്ന മേളയിൽ വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ കെ.സജി ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഡോ.പി.പുകഴേന്തി, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ എൽ.ചന്ദ്രശേഖർ, ചീഫ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ആർ.എസ്.അരുൺ, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ജോർജി പി.മാത്തച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പാലാ നഗരസഭ സ്‌റ്റേഡിയം, സെന്റ്.തോമസ് കോളേജ്, അൽഫോൻസാ കോളജ്, കോട്ടയം സി.എം.എസ് കോളജ്, റൈഫിൾ ക്ലബ്ബ് മുട്ടം, മാന്നാനം കെ.ഇ.കോളജ് എന്നീ വേദികളിലായാണ് മേള നടക്കുന്നത്. വനം വകുപ്പിനു കീഴിലുള്ള അഞ്ചു സർക്കിളുകൾ, വനംവകുപ്പിന്റെ സഹോദരസ്ഥാപനങ്ങളായ കെ.എഫ്.ഡി.സി, കെ.എഫ്.ആർ.ഐ, ബി.എഫ്.ഒ.ട്രൈനീസ് ടീം തുടങ്ങി എട്ടു ടീമുകൾ പങ്കെടുക്കുന്നുണ്ട്.
മൂന്നുദിവസങ്ങളിലായി നടക്കുന്ന കായികമേള ഇന്ന് (നവംബർ 17) സമാപിക്കും. സമാപനസമ്മേളനം വൈകിട്ട് നാലുമണിക്ക് പാലാ നഗരസഭ സ്‌റ്റേഡിയത്തിൽ സഹകരണ - രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എം.എൽ.എ അധ്യക്ഷനായിരിക്കും.
വനം വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ, ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുമായ ഡി.ജയപ്രസാദ്, പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ, വനം വികസന കോർപറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ്, പാലാ നഗരസഭാംഗം ബിജി ജോജോ എന്നിവർ പ്രസംഗിക്കും. വനം വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുമായ ഗംഗാസിങ് സ്വാഗതവും ചീഫ് കൺസർവേറ്ററും കോട്ടയം ഫീൽഡ് ഡയറക്ടറുമായ പി.പി പ്രമോദ് നന്ദിയും പറയും.