പാലാ: കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നീ കലോത്സവങ്ങൾ 2023 നവംബർ 22, 23, 24, 25 പാലാ സെന്റ്.തോമസ് എച്ച്.എസ്.എസ് മുഖ്യ വേദിയായി പതിനഞ്ച് വേദികളിലായി നടക്കുകയാണ്. ഏകദേശം 9000 ൽ അധികം കൗമാര കലാകാരന്മാർ ഈ കലോത്സവത്തിൽ പങ്കാളികളാകുന്നു. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
24 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മേളയിൽ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചിട്ടുളള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. മേളയോടനുബന്ധിച്ച് വിവിധയിടങ്ങളിൽ ഫ്ലാഷ് മോബുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധങ്ങളായ 15 സബ് കമ്മറ്റികൾ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുനിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീകല, സെന്റ്.തോമസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ രാജി കെ, മാത്യു ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ,
സെന്റ്.മേരീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സി.ജീസസ്, ഹെഡ്മിസ്ട്രസ് സി.ലിസി, പബ്ലിസിറ്റി കൺവീനർ നാസർ മുണ്ടക്കയം, പ്രോഗ്രാം കമ്മറ്റി കൺവീനർ അനിൽകുമാർ, റിസപ്ഷൻ കമ്മറ്റി കൺവീനർ ജോബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.