പാലാ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സിന്റെ പാലാ നിയോജക മണ്ഡലത്തിലെ പരിപാടി സംഘടിപ്പിക്കുന്നതു ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കുള്ള പാലാ നഗരസഭാ സ്റ്റേഡിയത്തിൽ. പതിനായിരത്തോളം ആളുകൾ പങ്കെടുക്കുന്ന പരിപാടിയുടെ പന്തൽ നിർമാണമുൾപ്പെടെ സിന്തറ്റിക് ട്രാക്കിനു കേടുപാടുണ്ടാക്കുമെന്ന ആശങ്കയുമായി കായികപ്രേമികൾ.
ഇപ്പോൾത്തന്നെ അറ്റകുറ്റപ്പണി കാത്തുകിടക്കുകയാണു ട്രാക്ക്. സ്റ്റേഡിയത്തിനു നടുവിലുള്ള പുൽമൈതാനത്തു പരിപാടിക്കായുള്ള പന്തൽ സ്ഥാപിക്കാനാണു തയാറെടുപ്പ്. 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ പന്തൽ സ്ഥാപിക്കും. 7500 പേരെയാണു സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇത് 10,000 വരെയാകാം. രണ്ടു പ്രവേശന കവാടങ്ങളാണു സ്റ്റേഡിയത്തിലേക്കുള്ളത്.
സ്റ്റേഡിയത്തിലേക്കു വാഹനങ്ങൾ കയറ്റാതെയാകും പരിപാടി നടത്തുകയെന്നാണു വിശദീകരണം. എന്നാൽ പന്തൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പുൽമൈതാനത്തിന്റെ നാലു വശവും സിന്തറ്റിക് ട്രാക്കുണ്ട്. പരിപാടിക്കായി എത്തുന്നവർ വിവിധ തരത്തിലുള്ള ചെരിപ്പുകളും ഷൂസുകളും ഉപയോഗിച്ചു സിന്തറ്റിക് ട്രാക്കിൽ കയറുന്നതു ട്രാക്കിനു കേടുപാടുണ്ടാക്കും. പന്തൽ നിർമാണ സാമഗ്രികൾ ട്രാക്കിലൂടെയല്ലാതെ അകത്തേക്ക് എത്തിക്കാനാകില്ല. നിലവാരമുള്ള സ്റ്റേഡിയങ്ങളിൽ അനുവദനീയമല്ലാത്ത ഷൂസുകളും ചെരിപ്പുകളും ഉപയോഗിച്ചു ട്രാക്കിൽ കയറാൻ കായികതാരങ്ങളെപ്പോലും അനുവദിക്കാറില്ല.