പാലാ: പ്രവിത്താനം സെൻ്റ്.മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിവരുന്ന LIFE പ്രോഗ്രാമിന്റെ ഭാഗമായി 'സംരംഭകത്വം' എന്ന വിഷയത്തിൽ കുട്ടികൾക്കായി സെമിനാർ നടത്തി. പാലാ സെൻറ്.തോമസ് കോളേജിൽ പ്രവർത്തിക്കുന്ന ബിസിനസ് ഇൻക്യുബേഷൻ സെൻറർ ആയ എസ്.ടി.സി.പി ഇന്നവേഷൻ ആൻഡ് ഇൻകുബേഷന്‍ സെന്ററും കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി നടത്തുന്ന 'INNOV SPARK' പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് സെമിനാർ നടത്തിയത്.
സെൻ്റ്.തോമസ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ജയിംസ് ജോൺ സെമിനാർ ഉദ്ഘാടനം ചെയ്തു. സംരംഭകത്വ ചിന്തകൾ ചെറുപ്പത്തിൽ തന്നെ വ്യക്തിയുടെ മനസ്സിൽ ജ്വലിക്കുവാൻ 'INNOV SPARK', 'LIFE' എന്നീ പ്രോഗ്രാമുകൾക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. STCP ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററിന്റെ ചീഫ് ഇന്നോവേഷൻ ഓഫീസർ ബോബി സൈമൺ ക്ലാസ് നയിച്ചു.
ഉള്ളിലുള്ള ആഗ്രഹത്തെ വ്യത്യസ്തമായ ചിന്താധാരയിലൂടെ നയിക്കുമ്പോഴാണ് നല്ല സംരംഭകൻ ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേവലം ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനേക്കാൾ നാട്ടിൽ കുറെ ആളുകൾക്ക് ജോലി കൊടുക്കുന്ന സംരംഭം തുടങ്ങുന്നതിനെ കുറിച്ചാണ് കുട്ടികൾ ചെറുപ്പത്തിൽ സ്വപ്നം കാണേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.