പ്രവിത്താനം: സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നുവരുന്ന LIFE പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് 'ഹൈസ്കൂൾ ടു എൻജിനീയറിങ് - എ പാത് വേ' എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടന്നു.
കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റാ സയൻസ് എന്നീ ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിലാണ് സെമിനാർ നടന്നത്. ഇന്ന് ലോകം ഏറ്റവും ചർച്ച ചെയ്യുന്ന ഇലക്ട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളെകുറിച്ചും ഭാവിയിൽ ഇവ സൃഷ്ടിക്കുന്ന അനന്തസാധ്യതകളെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെമിനാർ നടത്തിയത്.
എൻജിനീയറിങ് വിദ്യാർഥികളോടൊപ്പം കോളേജിലെ ലാബുകളിൽ പരിശീലനം നടത്തി അവരുടെ മാർഗ്ഗനിർദേശത്തിൽ ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി വിഷയങ്ങളിൽ പ്രോജക്റ്റുകൾ തയ്യാറാക്കിയത് കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ.അരുൺ പി, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് വിഭാഗം മേധാവി ഡോ.ദീപ വി, ജിനിമോൾ ജോസഫ്, കോളേജിലെ നാലാം വർഷ ബി ടെക് വിദ്യാർത്ഥികൾ എന്നിവർ ക്ലാസുകൾ നയിച്ചു.