പ്രവിത്താനം: പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ തങ്ങൾ പഠിച്ച പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകി മാതൃകയാകുന്നു. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ക്ലബ്ബ് അംഗങ്ങളാണ് തങ്ങളുടെ പ്രൊജക്റ്റ് രൂപകല്പനയുടെ ഭാഗമായി വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചത്.
ക്ലബ് അംഗങ്ങൾ സ്വയം രൂപകല്പന ചെയ്ത ഗെയിമുകളുമായി സമീപ സ്കൂളുകളിലെ ഇളം തലമുറക്കാരെ തേടി ചെന്നപ്പോൾ ഇരുകൂട്ടർക്കും അത് വ്യത്യസ്തമായ ഒരു അനുഭവമായി. സ്കൂളിൽ നടന്ന പുരാവസ്തു പ്രദർശനത്തിന്റെ ഡോക്യുമെന്റേഷൻ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചത് പ്രശംസനീയമായ രീതിയിലായിരുന്നു.
പൂർവ്വ അധ്യാപകരുടെ അനുഭവങ്ങൾ കേൾക്കാനും അവരുമായി സമയം ചെലവഴിക്കാനും കുട്ടികൾ അവരെ തേടിച്ചെന്നു. ഭൂതകാലത്തിന്റെ അനുഭവ സമ്പത്തിൽ നിന്നും വർത്തമാനകാലത്തേക്കുള്ള ദിശ സൂചികയായി ആ സംഗമങ്ങൾ മാറി. സംരംഭകത്വം ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ആധുനിക കാലഘട്ടത്തിൽ നാട്ടിലെ ഏറ്റവും പ്രായമുള്ള സംരംഭകയുമായി ചെലവഴിച്ച നിമിഷങ്ങളും അര നൂറ്റാണ്ട് കാലത്തെ അവരുടെ അനുഭവങ്ങളും വിദ്യാർഥികൾക്ക് പുതിയ സംരംഭകത്വ പാഠങ്ങളായി. കൈറ്റ് മാസ്റ്റർ ജിനു ജെ.വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യാ കെ.എസ് എന്നിവർ ക്ലബ് അംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.