പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ തിരുവാതിരകളി വഴിപാടിന്
ഒരുക്കങ്ങള്‍ തുടങ്ങിയതായി ദേവസ്വം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കോട്ടയം ജില്ലയില്‍ തിരുവാതിരകളി ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്.
ജാതി-മത ഭേദമന്യെ പാരമ്പര്യരീതിയില്‍ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആര്‍ക്കും തിരുവാതിരകളി വഴിപാടില്‍ പങ്കെടുക്കാം.
മണ്ഡലസമാപന ഉത്സവ ഭാഗമായി ഡിസംബര്‍ 27 ന് വൈകിട്ട് 5.30 നാണ് തിരുവാതിരകളി വഴിപാട് ആരംഭിക്കുന്നത്. കാവിന്‍പുറം ക്ഷേത്രത്തില്‍ ഉമാമഹേശ്വരന്‍മാരുടെ ഇഷ്ടവഴിപാടാണ് തിരുവാതിരകളി.
വഴിപാടായാണ് തിരുവാതിരകളി സമര്‍പ്പിക്കുന്നതെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യത്തെ മൂന്ന് ടീമുകള്‍ക്ക് യഥാക്രമം 10001, 5001, 2501 എന്നീ ക്രമത്തില്‍ ക്യാഷ് പ്രൈസും ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ പറഞ്ഞു.
എട്ട് മുതല്‍ പത്തുവരെ അംഗങ്ങളുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. തിരുവാതിരകളി വഴിപാടിനുള്ള സ്റ്റേജ് ക്രമീകരണങ്ങളൊക്കെ ദേവസ്വം ഏര്‍പ്പാടാക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കാണ് വഴിപാടില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ നവംബര്‍ 15 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
27 ന് വൈകിട്ട് 5.30 ന് ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയും ഭാര്യ ഡോ. മഞ്ജരിയും ചേര്‍ന്ന് തിരുവാതിരകളി വഴിപാടിന് തിരിതെളിക്കും. ഇതോടൊപ്പം കുട്ടികളുടെ തിരുവാതിരകളിയും ധനുമാസത്തിലെ തിരുവാതിര പ്രമാണിച്ചുള്ള മെഗാ തിരുവാതിരയുമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ടി.എൻ. സുകുമാരൻ നായർ, ആര്‍. സുനില്‍ കുമാര്‍, സി.ജി. വിജയകുമാര്‍, ആര്‍. ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.