അഖിലേന്ത്യാ മഹിളാ സാംസ്കാരിക(AIMSS) സംഘടന ആലുവ ബാങ്ക് ജംഗ്ഷനിൽ പ്രതിഷേധ സംഗമം നടത്തി. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുക. നാടിനെ നരകമാക്കുന്ന മയക്കുമരുന്ന് മാഫിയായെ അമർച്ച ചെയ്യുക. മദ്യനയം പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം. ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ കുറ്റവാളി രാഷ്ട്രീയക്കാരൻ എങ്കിൽ പോലീസ് സംരക്ഷണം അവന് ലഭിക്കും എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണം തൊഴിൽ തുടങ്ങിയവയിൽ പണ്ടുകാലം മുതലുള്ള സ്ത്രീ വിവേചനം ഇന്നും തുടരുകയാണ്.
വീട്ടിലും തൊഴിലിടങ്ങളിലും സ്കൂളുകളിലും തെരുവുകളിലും സ്ത്രീകളും കുട്ടികളും നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന സമൂഹമാണിത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ചുള്ള കേസുകളിൽ കുറ്റവാളികളെ വെറുതെ വിടണമെന്ന് കോടതികൾക്ക് നിർബന്ധമുണ്ട് എന്ന് തോന്നും വിധമുള്ള വിധികളാണ് പലപ്പോഴും വരുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാൻ കഴിയും വിധം ജനകീയ കൂട്ടായ്മകൾ പടുത്തുയർത്താനും നടപടികൾ സ്വീകരിക്കാൻ അധികാരികളെ നിർബന്ധിതരാക്കാനും ജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ നഗരസഭാ ചെയർമാൻ എം.ഒ.ജോൺ , ഡോ.വിൻസെന്റ് മാളിയേക്കൽ, ഡോ. മൻസൂർ ഹസ്സൻ, വി.പി ജോർജ്, ഷാജിത നൗഷാദ്, ഹാഷിം ചേന്നാമ്പിള്ളി, മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡണ്ട് എസ്.സൗഭ്യാഗ്യകുമാരി, സെക്രട്ടറി കെ.എം ബീവി, എം.വി.ലോറൻസ്, റിസ്സാ ഹുസ്നി, എൻ.എ.രാജൻ, എം.കെ.എ.ലത്തീഫ്, ലൈല റഷീദ്, ജബ്ബാർ മേത്തർ, കലാ സുധാകരൻ, സാബു പരിയാരത്ത്, എന്നിവർ സംസാരിച്ചു. കെ.കെ ശോഭ ആദ്ധ്യക്ഷ്യം വഹിച്ച സംഗമത്തിൽ എ.റജീന സ്വാഗതവും എം കെ ഉഷ കൃതജ്ഞതയും രേഖപ്പെടുത്തി.