ഈരാറ്റുപേട്ട: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭ സംഘടിപ്പിക്കുന്ന ക്ലസ്റ്റർ യോഗങ്ങളുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽ ഖാദർ നിർവഹിച്ചു. കടപ്ലക്കൽ അങ്കണവാടിയിൽ സംഘടിപ്പിച്ച ആദ്യയോഗത്തിൽ ഒന്നാം വാർഡ് നഗരസഭാംഗം സജീർ ഇസ്മായിൽ അധ്യക്ഷനായി.
നഗരസഭാംഗങ്ങളുടെ നേതൃത്വത്തിൽ 28 വാർഡുകളിലായി 84 ക്ലസ്റ്റർയോഗങ്ങളാണ് സംഘടിപ്പിക്കുന്നത്. പുതുവർഷത്തിൽ നഗരസഭയെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. പരിശീലനം ലഭിച്ച അങ്കണവാടി, ആശാ പ്രവർത്തകർ, തിരികെ സ്‌കൂൾ പദ്ധതി ആർ.പിമാർ എന്നിവരാണ് ക്ലസ്റ്റർ യോഗങ്ങളിൽ മാലിന്യസംസ്‌കരണ ബോധവത്കരണ ക്ലാസുകൾ നടത്തുക.
84 ക്ലസ്റ്റർ യോഗങ്ങൾ ഡിസംബർ 23നു പൂർത്തിയാകും. നഗരസഭയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനമേധാവികളെയും പങ്കെടുപ്പിച്ച് യോഗങ്ങൾ സംഘടിപ്പിക്കും. 250 എൻ.എസ്.എസ്. വോളണ്ടിയർമാർ വ്യാപാരസ്ഥാപനങ്ങളിലെത്തി ബോധവത്കരണം നടത്തും. മാലിന്യങ്ങൾ നിറഞ്ഞിരുന്ന സ്ഥലങ്ങൾ പൂന്തോട്ടങ്ങളാക്കി മാറ്റുന്ന സ്‌നേഹാരാമം പദ്ധതി ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മുട്ടം കവല, കടുവമുഴി തുടങ്ങിയയിടങ്ങളിൽ ആരംഭിച്ചു.
പ്ലാസ്റ്റിക്, ഉപയോഗശൂന്യമായ തുണി, ചെരിപ്പ്, ബാഗ് തുടങ്ങിയ പാഴ് അജൈവ വസ്തുക്കൾ ശേഖരിക്കുന്ന കാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. നഗരസഭാ ഉപാധ്യക്ഷൻ അഡ്വ.മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷെഫ്ന അമീൻ, നഗരസഭാ അംഗങ്ങൾ, ക്ലീൻ സിറ്റി മാനേജർ ടി.രാജൻ, ശുചിത്വ മിഷൻ നഗരസഭ കോ- ഓർഡിനേറ്റർ അബ്ദുൽ മുത്തലിബ്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ വിവിധ വാർഡുകളിൽ ക്ലസ്റ്റർ യോഗങ്ങൾക്ക് നേതൃത്വം നൽകി.