1988 മുതല്‍ ഡിസംബര്‍ 1 എയ്ഡ്‌സ് ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിച്ചുവരുന്നു. എച്ച്‌ഐവിയെപ്പറ്റിയുള്ള അവബോധക്കുറവും രോഗബാധിതരോടുള്ള അവഗണനയും ചികിത്സാ രീതിയിലുള്ള അറിവില്ലായ്മയുമാണ് AIDS ഇത്രയും അധികം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.
തൃശൂര്‍ ജില്ലയില്‍ 2937 പേരാണ് ഇതുവരെ എയ്ഡ്സ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ തൃശൂര്‍ ജില്ലയില്‍ എയ്ഡ്സ് ബാധിച്ച് മരിച്ചത് 38 പേരാണ്. കഴിഞ്ഞ വര്‍ഷം എയ്ഡ്സ് ബാധിച്ച് 63 പേരാണ് മരിച്ചത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍, ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്ക് പ്രകാരം 103 പേര്‍ എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 1126 പേർക്കാണ് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂരിൽ കഴിഞ്ഞവർഷം 52 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം 62 പേരായി ഉയർന്നു. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഗർഭിണിയായ അമ്മ എച്ച്ഐവി പോസറ്റീവായി മാറുകയും ചികിത്സ തേടാത്തതിനാൽ കുട്ടികൾക്ക് രോഗം ബാധിക്കുകയുമായിരുന്നു.
എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ 152 പേര്‍ക്കാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. പരിശോധന വര്‍ധിപ്പിച്ചാല്‍ എയ്ഡ്സ് ബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ജില്ലാ ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തല്‍. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 152 പേര്‍ക്ക് കൂടി എയ്ഡ്സ് രോഗബാധ സ്ഥിരീകരിച്ചത്.
എയ്ഡ് ബാധിച്ചവരിൽ മൂന്ന് നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. നിലവില്‍ 1255 പേരാണ് എയ്ഡ്സ് ബാധിതരായി എറണാകുളം ജില്ലയിൽ ചികിത്സയിലുള്ളത്. എല്ലാ വര്‍ഷവും 170ഓളം പേരാണ് എച്ച്ഐവി പോസിറ്റീവാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതരുള്ളത് പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ആളുകള്‍ക്കിടയില്‍ പരിശോധന വ്യാപിപ്പിച്ചാല്‍ എയ്ഡ്സ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടായേക്കാം. വിവിധ സംഘടനകളെ ഉള്‍പ്പെടുത്തി ബോധവത്കരണം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവിഭാഗം.
എച്ച്‌ഐവിയെപ്പറ്റിയുള്ള അവബോധക്കുറവും രോഗബാധിതരോടുള്ള അവഗണനയും ചികിത്സാ രീതിയിലുള്ള അറിവില്ലായ്മയുമാണ് AIDS ഇത്രയും അധികം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണം.
ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (HIV) ആണ് എയ്ഡ്‌സ് എന്ന രോഗം പരത്തുന്നത്. എച്ച്‌ഐവിയും എയ്ഡ്‌സും യഥാര്‍ഥത്തില്‍ ഒന്നല്ല. എച്ച്‌ഐവി എന്ന വൈറസ് ബാധയെ തുടര്‍ന്നുള്ള ഒരു സങ്കീര്‍ണ്ണ രോഗാവസ്ഥയാണ് AIDS. എച്ച്‌ഐവി ബാധിക്കുന്നതിന്റെ ഫലമായി മനുഷ്യന് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്നു. ആരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പൊതുവേ കാണിക്കാറില്ല. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങാന്‍ രണ്ടുവര്‍ഷം മുതല്‍ 15 വര്‍ഷം വരെ എടുക്കാം. പനി, തൊണ്ടവേദന, തൊലിപ്പുറത്തുള്ള പാടുകള്‍ ഓക്കാനം , തലവേദന , പൂപ്പല്‍ബാധ, മോണരോഗം, കപ്പോസിറ്റ് സാര്‍ക്കോമ്മ( ഒരുതരം അര്‍ബുദം), നിരന്തരമായുള്ള വായിലെ പുണ്ണ്, ഹെര്‍പ്പിസ് ബാധ തുടങ്ങിയവയൊക്കെയാണ് എയ്ഡ്‌സിന്റെ പ്രധാന ലക്ഷണങ്ങള്‍. ക്രമേണ രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് വഴി ശരീരഭാരം കുറയുക, വയറിളക്കം, ദീര്‍ഘകാലത്തെ പനി, കയല വീക്കം എന്നിവയ്‌ക്കൊക്കെ കാരണമാകാം.
പ്രധാനമായും എച്ച്‌ഐവി പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി, രോഗബാധിതരില്‍ നിന്നും രക്തം അല്ലെങ്കില്‍ അവയവം എന്നിവ സ്വീകരിക്കുന്നത് വഴി, അണു വിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, അമ്മയില്‍ നിന്ന് കുട്ടികളിലേക്ക് ശരീര സ്രവം വഴി എന്നിവയിലൂടെയാണ്.
പ്രധാനമായും എച്ച്‌ഐവി കണ്ടെത്താന്‍ വിവിധ ടെസ്റ്റുകള്‍ നിലവില്‍ ഉണ്ട്. വൈറല്‍ കള്‍ച്ചര്‍, പി സി ആര്‍, P 24 ആന്റിജന്‍ ഡിറ്റക്ഷന്‍, എലിസ, ഇന്‍ഡയറക്ട് ഇമ്മ്യൂണോ ഫ്‌ലൂറസന്റ് ടെസ്റ്റ് തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ. എച്ച്‌ഐവി പരിശോധനയ്ക്കായി ICTC ജ്യോതിസ് കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉടനീളം ഇന്ന് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായിട്ടാണ് സൂക്ഷിക്കപ്പെടുന്നത്.
എയ്ഡ്സ് പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും ആന്റി റെട്രോ വൈറല്‍ തെറാപ്പി(ART) ചികിത്സയിലൂടെ വൈറസ് ലോഡ് കുറയ്ക്കാനും രോഗികള്‍ക്ക് ആരോഗ്യപരമായ ജീവിതം നയിക്കാനും സാധിക്കുന്നതാണ്. കേരള സംസ്ഥാന എയ്ഡ് കണ്‍ട്രോള്‍ സേഫ്റ്റിയുടെ 'ഉഷസ്' എന്ന പദ്ധതി വഴിയാണ് ചികിത്സ സൗജന്യമായി നല്‍കുന്നത്.
രോഗപ്രതിരോധ രംഗത്ത് രോഗബാധിതര്‍ക്കും രോഗബാധയില്ലാത്ത പൊതുജനങ്ങള്‍ക്കും തുല്യ പങ്കാണുള്ളത്. സാധാരണ സമ്പര്‍ക്കത്തിലൂടെയോ ഹസ്തദാനത്തിലൂടെയോ ഒരേ മുറിയില്‍ താമസിച്ചാലോ പാത്രങ്ങള്‍ ഭക്ഷണം വസ്ത്രം എന്നിവ പങ്കുവെച്ചാലോ ഒന്നും എച്ച്‌ഐവി പകരില്ല എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. എച്ച്‌ഐവി ബാധിതരെ ഒറ്റപ്പെടുത്താതെ നമുക്ക് ചേര്‍ത്തു നിര്‍ത്താം. 2030 ഓടെ പുതിയ എച്ച്‌ഐവി കേസുകള്‍ ഇല്ലാതാക്കുകയെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം.