കടുത്തുരുത്തി: കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപെട്ട് നവകേരള സദസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ നിവേദനം നൽകി.
മുൻ ഭരണ സമതിയുടെ അഴിമതിയും ധൂർത്തും സ്വജന പക്ഷവും മൂലം പൂട്ടിയ കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റിയും അനുബന്ധ സ്ഥാപനമായ പാലകരയിലുള്ള പി.എൽ.സി ഫാക്ടറിയും അതിനോട് ചേർന്നുള്ള പത്ത് ഏക്കർ സ്ഥലവും സർക്കാർ ഏറ്റെടുക്കണമെന്നും കർഷകർക്ക് റബർ പാൽ കൊടുത്ത വകയിലും നിക്ഷേപകയിനത്തിലും സംഘം നൽകുവാനുള്ള കോടികണക്കിന് തുകയും എത്രയും വേഗം നൽകണമെന്നാവശ്യപ്പെട്ടാണ് കുറവിലങ്ങാട് നടന്ന നവകേരള സദസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റും ഞീഴൂർ പഞ്ചായത്ത് എൽ.ഡി.എഫ് കൺവീനറുമായ സന്തോഷ് കുഴിവേലി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
നിലവിൽ അന്യാധീനമായി കിടക്കുന്ന സംഘത്തിലെ സ്ഥലം സർക്കാർ ഏറ്റെടുത്ത് മറ്റ് കർഷക സംരഭങ്ങൾ തുടങ്ങണമെന്നും സന്തോഷ് കുഴിവേലി നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതുവരെ കർഷകർ നടത്തിയ നിവേദനങ്ങളുടെ കോപ്പികളും സംഘത്തിൽ നടന്ന ക്രമക്കേടുകളെ കുറിച്ചുള്ള കോട്ടയം ജില്ലാ സഹകരണ രജിസ്ട്രാർ (ജനറൽ) നടത്തിയ അന്യോഷണ റിപ്പോർട്ടും ഇത് വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ കോപ്പിയും വിവിധ പത്രങ്ങളിൽ വന്ന വാർത്തകളുടെ കട്ടിംഗുകളും നിവേദനത്തിൽ അനുബന്ധമായി നൽകിയിട്ടുണ്ട്.