Hot Posts

6/recent/ticker-posts

'മാർപാപ്പ അനുമതി നൽകി’: മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭാ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു



കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ അധ്യക്ഷ പദവി ഒഴിഞ്ഞു. സിറോ മലബാർ സഭാ ആസ്‌ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. മുൻകൂട്ടി തയാറാക്കിയ പ്രസ് റിലീസ് മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചുകൊണ്ടാണ് മാർ ആല‍‍ഞ്ചേരി പദവിയൊഴിയാനുള്ള തീരുമാനം അറിയിച്ചത്. മാർപ്പാപ്പയുടെ അനുമതിയോടെ പദവിയൊഴിയുന്നതായി അദ്ദേഹം അറിയിച്ചു. മാർ ജോർജ് ആലഞ്ചേരി ഇനിമുതൽ മേജർ ആർച്ച് ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും.
 
തൃശൂർ ആർച്ച് ബിഷപ്പ് കൂടിയായ മാർ ആൻഡ്രൂസ് താഴത്ത്, എറണാകുളം – അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയും ഒഴിഞ്ഞു. സഭയുടെ രീതിയനുസരിച്ച് പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ സിറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കും. മെൽബൺ രൂപതയുടെ ബിഷപ് സ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് എമിരിറ്റസ് മാർ ബോസ്കോ പുത്തൂരിന്, എറണാകുളം – അങ്കമാലി അതിരൂപതയുടെ താൽക്കാലിക ചുമതലയും നൽകിയിട്ടുണ്ട്. സിറോ മലബാർ സഭയുടെ ആദ്യ കൂരിയ ബിഷപ്പ് കൂടിയാണ് മാർ ബോസ്കോ പുത്തൂർ.

‘‘ദൈവകൃപയാൽ 2011 മേയ് 29 മുതൽ മേജർ ആർച്ച് ബിഷപ്പ് എന്ന നിലയിൽ സിറോ മലബാർ സഭയിൽ ഞാൻ ശുശ്രൂഷ നിർവഹിക്കുകയായിരുന്നു. സർവശക്തനായ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് മേജർ ആർച്ച് ബിഷപ്പിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ എനിക്കു സാധിച്ചത്. നിങ്ങളിൽ ചിലർക്കെങ്കിൽ അറിയാവുന്നതുപോലെ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള എന്റെ ആഗ്രഹം 2019 ജൂലൈ 19ന് ഞാൻ പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു.

‘‘നമ്മുടെ സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണ് ഞാൻ ആ തീരുമാനം എടുത്തത്. സ്ഥാനമൊഴിയണമെന്ന എന്റെ ആഗ്രഹം അംഗീകരിക്കുന്നതിനു വേണ്ടി ഞാൻ താൽപര്യത്തോടെ അഭ്യർഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുൻപ്, സിറോ മലബാർ സഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.

‘‘പ്രാർഥനാ പൂർവമുള്ള പുനരാലോചനകൾക്കു ശേഷം  മേജർ ആർച്ച് ബിഷപ്പിന്റെ ഉത്തരവാദിത്തത്തിൽനിന്ന് മാറാനുള്ള താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് 2021 നവംബർ 15ന് എന്റെ രാജി പരിശുദ്ധ പിതാവിന് വീണ്ടും സമർപ്പിച്ചു. എന്റെ രാജിയിൽ ഉടനടി തീരുമാനമെടുത്തില്ലെങ്കിലും, ഒരു വർഷത്തിനു ശേഷം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തിൽനിന്ന് വിരമിക്കാൻ എന്നെ അനുവദിക്കുകയും ചെയ്തിരിക്കുന്നു എന്ന വിവരം നിങ്ങള അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്.


‘‘അതിനാൽ ഇന്നേ ദിവസം പ്രാബല്യത്തിൽ വരുന്ന വിധം സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. നിങ്ങളുടെ പ്രാർഥനയും പിന്തുണയും മാറ്റത്തിന്റെ ഈ കാലത്ത് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു.

‘‘പൗരസ്ത്യ സഭാ നിയമപ്രകാരം മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനത്തിന് ഒഴിവു വരുമ്പോൾ സഭയുടെ കൂരിയ ബിഷപ്പ്, ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, പുതിയ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമേൽക്കുന്നതുവരെ സിറോ മലബാർ സഭയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്നതാണ്.’ – മാർ ആലഞ്ചേരി വ്യക്തമാക്കി.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ