സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. വ്യാപനശേഷി കൂടുതലുള്ള ജെ.എൻ.-1 ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് രണ്ടുമരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. ഏതാനും ആഴ്ചകളായി കേരളത്തിൽ കോവിഡ് നിരക്കുകൾ കൂടുതലാണെന്നാണ് കേന്ദ്രആരോഗ്യ മന്ത്രാലയം അറിയിച്ചത്.
ഡിസംബർ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. രോഗപ്രതിരോധശേഷി കുറയ്ക്കുകയും അതേസമയം വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണ് ജെ.എൻ.വൺ ഉപവകഭേദം. ചൈനയുൾപ്പെടെയുള്ള പലരാജ്യങ്ങളിലും ഈ വകഭേദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജെ.എൻ.1 വകഭേദത്തിന് മനുഷ്യരുടെ പ്രതിരോധശേഷിയെ മറികടക്കാനുള്ള പ്രാപ്തിയുണ്ടെന്നാണ് സി.ഡി.സി. (Centers for Disease Control and Prevention) വ്യക്തമാക്കിയത്. മഞ്ഞുകാലങ്ങളിൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾ കൂടുന്നതിനാൽ തന്നെ രോഗവ്യാപനവും കൂടുതലായിരിക്കും. പുതുതായുണ്ടാകുന്ന അഞ്ചിലൊന്നു കോവിഡ് കേസുകൾക്കും പിന്നിൽ ഈ വൈറസാണെന്നാണ് സി.ഡി.സി. പറയുന്നത്.
കോവിഡ് വകഭേദത്തിന് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കുകയാണെന്ന് സി.ഡി.സി.യുടെ ഡയറക്ടറായ മാൻഡി കോഹെൻ പറയുന്നു. ഈ വർഷം ഓഗസ്റ്റിലാണ് കോവിഡ് വകഭേദത്തിലെ ഏറ്റവും വലിയ മാറ്റമായ BA.2.86-ന് നാം സാക്ഷ്യം വഹിച്ചത്. ആ വകഭേദത്തിന്റെ മറ്റൊരു ശാഖയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
കേരളത്തിൽ ജെ.എൻ.1 ഉപവകഭേദം കണ്ടെത്തിയതിൽ ആശങ്ക വേണ്ട കാര്യമില്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയത്. മാസങ്ങൾക്കു മുമ്പ് സിംഗപ്പൂർ എയർപോർട്ടിൽ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങ്ങിന് വിധേയരാക്കിയപ്പോൾ ഈ ഉപവകഭേദം സ്ഥിരീകരിച്ചിരുന്നുവെന്നും ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽ നേരത്തേയുള്ളതാണെന്നും മന്ത്രി അറിയിച്ചു. സൂക്ഷ്മമായി നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അനുബന്ധരോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറയുകയുണ്ടായി.
ഞായറാഴ്ച്ച മാത്രം രാജ്യത്ത്335 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1,701 ആയി. ഇന്ത്യയുടെ നിലവിലെ കേസുകളുടെ തോത് 4.50 കോടിയും മരണനിരക്ക് 5,33,316-മാണ്.
ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടന
കോവിഡ് കേസുകളും ശ്വാസകോശസംബന്ധമായ രോഗങ്ങളും പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയും കരുതൽ തുടരണമെന്ന് അറിയിക്കുന്നുണ്ട്. വൈറസ് ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയും വ്യതിയാനം സംഭവിക്കുകയുമാണ്. രാജ്യങ്ങൾ സൂക്ഷ്മമായ നിരീക്ഷണം തുടരണമെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്.
നിലവിലെ വിവിധ രോഗങ്ങളുടെ വ്യാപനത്തിനു പിന്നിലെ കാരണത്തേക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങളേക്കുറിച്ചും ലോകാരോഗ്യസംഘടനയുടെ കോവിഡ് വിഭാഗം ടെക്നിക്കൽ ലീഡായ മരിയ വാൻ കെർഖോവ് പങ്കുവച്ചു. ഒന്നിലധികം രോഗകാരികളാണ് ലോകത്താകെയുള്ള നിലവിലെ ശ്വാസകോശരോഗങ്ങളുടെ വർധനവിനു പിന്നിൽ. കോവിഡ്, ഫ്ലൂ, റൈനോവൈറസ്, മൈകോപ്ലാസ്മ ന്യുമോണിയ, സാർസ് കോവ്-2 തുടങ്ങിയവ കൂടിക്കൊണ്ടിരിക്കുകയാണ്.