Hot Posts

6/recent/ticker-posts

പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും; അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; പത്മകുമാറിന് കംപ്യൂട്ടർ എൻജിനീയറിങ്ങിൽ റാങ്ക്



കൊല്ലം: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.   പത്മകുമാറിനെയും ഭാര്യയെയും മകളെയുമാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.

പത്മകുമാറും ഭാര്യയും ചേര്‍ന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മകളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ മകള്‍ക്ക് യൂട്യൂബ് വഴിയുള്ള വരുമാനം കുറഞ്ഞതിനാലാണ് മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നത്.

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോകുന്നതിനിടെ അമ്മയ്‌ക്ക് കൊടുക്കാനെന്ന പേരില്‍ ഒരു കത്ത് കുട്ടിയുടെ സഹോദരന്റെ കയ്യില്‍ കൊടുത്തിരുന്നു. പണം നല്‍കിയാല്‍ കുട്ടിയെ തിരികെ തരാം, കുട്ടിയെ ഉപദ്രവിക്കില്ല എന്ന ഭീഷണി സന്ദേശമാണ് പേപ്പറില്‍ എഴുതിയിരുന്നത്. സഹോദരൻ ഇത് വാങ്ങാൻ തയ്യാറല്ലാതിരുന്നതോടെ അവിടെ വച്ച്‌ പിടിവലി ഉണ്ടായി. ഇതിനിടെ പേപ്പര്‍ കാറില്‍ തന്നെ വീഴുകയായിരുന്നു. തുടര്‍ന്നാണ് കടയിലെത്തി ഫോണിലൂടെ വിളിച്ച്‌ ഭീഷണിപ്പെടുത്തി പണം ചോദിച്ചത്.

അറസ്റ്റിലായ അനുപമ യൂട്യൂബ് താരം, 5 ലക്ഷം സബ്സ്ക്രൈബേഴ്സ്

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പി.അനുപമ (20) യൂട്യൂബ് താരം. പിടിയിലായ കേസിൽ മുഖ്യ കണ്ണി ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാറിന്റെ (52) മകളാണ് അനുപമ. പത്മകുമാറിന്റെ ഭാര്യ എം.ആർ.അനിതകുമാരിയെയും (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്‌ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപാണ് അവസാന വിഡിയോ. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.

തട്ടിക്കൊണ്ടുപോയ കുട്ടിയെ പാർപ്പിച്ചെന്ന് കരുതുന്ന ചിറക്കര പോളച്ചിറ തെങ്ങുവിളയിലുള്ള ഫാംഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വിഡിയോയും ഉണ്ട്. ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെ ഇഷ്‌ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാൽ നായകൾക്കായി ഷെൽട്ടര്‍ ഹോം തുടങ്ങാൻ ആ​ഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.


തട്ടികൊണ്ടുപോകൽ കേസിൽ പൊലീസ് അന്വേഷിക്കുന്നതിനിടെ കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ പുളിയറയിൽനിന്നാണ് അനുപമ ഉൾപ്പെടെയുള്ളവർ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. അടൂർ കെഎപി ക്യാംപിലേക്കു മാറ്റിയ മൂന്നു പേരെയും എഡിജിപി എം.ആർ.അജിത്കുമാർ, ഡിഐജി ആർ.നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. അനുപമയ്ക്കു നഴ്സിങ് പ്രവേശനത്തിനു നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്നെന്നാണ് പത്മകുമാർ ആദ്യ നൽകിയ മൊഴി. എന്നാൽ പിന്നീട് ഇതു മാറ്റി പറഞ്ഞതായാണ് വിവരം.

കംപ്യൂട്ടർ എൻജിനീയറിങ്ങിൽ റാങ്ക്; മത്സ്യസ്റ്റാൾ, ബേക്കറി ബിസിനസ്; കേരളത്തെ നടുക്കിയ സൂത്രധാരൻ

നിഗൂഢതകൾ നിറ‍ഞ്ഞു ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തു പത്മകുമാറിന്റെ വീട്. സാമ്പത്തിക ഭദ്രത ഉള്ള കുടുംബത്തില അംഗമായ പത്മകുമാർ, ബഹുനില വീട്ടിലായിരുന്നു താമസം. വലിയ ചുറ്റുമതിലും കാറുകളും വീട്ടിനുള്ളിൽ ഒന്നിലേറെ നായ്ക്കളും. പരിസരവാസികളുമായി കാര്യമായ സഹകരണം ഇല്ലാതെയായിരുന്നു കംപ്യൂട്ടർ വിദഗ്ധനായ പത്മകുമാറിന്റെ ജീവിതം. എന്നാൽ കേരളത്തെ നടുക്കിയ തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാരൻ പത്മകുമാറാണെന്നു നാട്ടുകാർക്കു വിശ്വസിക്കാനാകുന്നില്ല.

മൂന്നു പതിറ്റാണ്ടു മുൻപു പ്രമുഖ എൻജിനീയറിങ് കോളജിൽ നിന്നു റാങ്കോടെ കംപ്യൂട്ടർ എൻജിനീയറിങ് പഠിച്ചിറങ്ങിയ പത്മകുമാർ ഉയർന്ന ജോലികൾ സ്വീകരിക്കാതെ ബിസിനസിലേക്ക് ഇറങ്ങുകയായിരുന്നു. ഫിഷ് സ്റ്റാൾ, ബിരിയാണി കച്ചവടം, കൃഷി ഉൾപ്പെടെ വൈവിധ്യമാർന്ന ബിസിനസുകളിൽ കൈവച്ചു.കേബിൾ ടിവി രംഗപ്രവേശം ചെയ്ത കാലത്തു തന്നെ ചാത്തന്നൂർ കേന്ദ്രീകരിച്ചു കേബിൾ ടിവി ശ്യംഖല ആരംഭിച്ചു. ഒട്ടേറെ യുവാക്കൾക്കു ജോലി നൽകി. കേബിൾ ടിവി നല്ല നിലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ പൂർണമായി വിറ്റൊഴി‍ഞ്ഞു.

പിന്നീടു റിയൽ എസ്റ്റേറ്റ്, പാഴ്സൽ ബിരിയാണി കച്ചവടം, കുമ്മല്ലൂർ റോഡിൽ മത്സ്യസ്റ്റാൾ, പോളച്ചിറയിൽ 5 ഏക്കറോളം ഫാം ഹൗസ്, തമിഴ്നാട്ടിൽ കൃഷി, ചാത്തന്നൂരിൽ ബേക്കറി തുടങ്ങിയ വ്യത്യസ്ത മേഖലകളിലേക്കായി. ബേക്കറി ഇന്നലെയും പതിവുപോലെ പ്രവർത്തിച്ചിരുന്നു. ജീവനക്കാർക്കാണ് ഇതിന്റെ നിയന്ത്രണം. രാത്രിയിലോ മറ്റോ അപൂർവമായാണു പത്മകുമാർ കടയിൽ വരുന്നത്.

എന്നാൽ ഭാര്യയുമായി ദിവസവും പോളച്ചിറ ഫാമിൽ പോകുമായിരുന്നു. വ്യാഴം രാവിലെ പത്തോടെയാണു പത്മകുമാറും ഭാര്യ അനിതയും മകൾ അനുപമയും വീട്ടിൽ നിന്നു കാറിൽ പുറത്തേക്കു പോകുന്നത്. ഇത് അയൽവാസികൾ കണ്ടിരുന്നു. പത്മകുമാറിന്റെ മാതാവ് ആർടി ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു. വെഹിക്കിൾ ഇൻസ്പെക്ടറായ പിതാവിന്റെ മരണശേഷമാണു മാതാവിനു ജോലി ലഭിക്കുന്നത്. മാതാവ് ഏതാനും മാസം മുൻപു മരിച്ചു. പത്മ കുമാറിന്റെ ഏക സഹോദരൻ വളരെ മുൻപു തന്നെ മരിച്ചിരുന്നു.

Reactions

MORE STORIES

ജി ബിൻ വിതരണം ചെയ്ത് വെള്ളൂർ പഞ്ചായത്ത്
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര
മീനച്ചിൽ ഗ്രാമപഞ്ചായത്ത് 159 ലൈഫ് വീടുകളുടെ പൂർത്തീകരണവും താക്കോൽദാനവും നവംബർ 30 ന്
ബി.എ.എം. കോളേജിൽ ഭരണഘടനാദിനാചരണം നടത്തി
കാരുണ്യം സാംസ്ക്കാരിക സമിതി അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നാളെ 23ന് നടക്കും
പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്
പാലാ രൂപത ബൈബിൾ കൺവൻഷൻ: പന്തല്‍ കാല്‍നാട്ടുകര്‍മ്മം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു
സർക്കാരിന് പോലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ജീവകാരുണ്യ സംഘടനകൾ ചെയ്യുന്നത്: ഫ്രാൻസിസ് ജോർജ് എംപി
മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ
തീക്കോയി പള്ളിവാതിൽ - കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു