കൊച്ചി: ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയിൽ. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്സ്, വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ അഭിഭാഷക സംഘം വിലയിരുത്തും. സംഘത്തെ അയക്കുന്നതിൽ അന്തിമ തീരുമാനം ഉച്ചയ്ക്ക് 12.30 ന് എടുക്കും.
എലവുങ്കലിൽ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ദർശനത്തിനായി തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്ത് നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതൽ 10,000 വരെ പേര് കയറുന്നുവെന്നും കോടതി വിലയിരുത്തി. അതേ സമയം, ക്യൂ കോംപ്ലക്സിൽ അടക്കം യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് ശബരിമലയിൽ പോയ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തിരക്ക് അനിയന്ത്രിതമായതോടെ വിഷയത്തിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ശബരിമലയിൽ ദർശന സമയം ഒന്നര മണിക്കൂർ ദീർഘിപ്പിച്ചിട്ടുണ്ട്. നിലവിൽ വെർച്ച്വൽ ക്യൂ വഴിയുള്ള ഭക്തരുടെ എണ്ണം പ്രതിദിനം എൺപതിനായിരം ആയി നിജപ്പെടുത്തിയിട്ടുണ്ട്.