പത്തനംതിട്ട: അയ്യപ്പ ഭക്തരുടെ തിരക്കിന് നേരിയ ശമനം. പമ്പയിലേക്ക് തീർഥാടകപ്രവാഹം തുടരുമ്പോഴും സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണ്. നിലയ്ക്കലിലും സ്ഥിതി സാധാരണനിലയിലേക്ക് എത്തിത്തുടങ്ങി. ഗതാഗതക്കുരുക്കിനും ശമനമായതോടെ ബസ് സർവീസും സാധാരണ നിലയിലേക്ക് എത്തി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. നിലയ്ക്കലിൽനിന്ന് പമ്പയിലേക്കും തിരിച്ചും കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തി.
ചൊവ്വാഴ്ച 88,000 ഭക്തരാണ് ദർശനം പൂർത്തിയാക്കിയത്. പതിനെട്ടാം പടിയിലൂടെ മണിക്കൂറിൽ 4000നു മുകളിൽ ആളുകളെ കയറ്റാൻ തുടങ്ങിയതോടെയാണ് ദർശനം പൂർത്തിയാക്കിയവരുടെ എണ്ണം ഉയർന്നത്. അതേസമയം മുൻ ദിവസങ്ങളിലേതിന് സമാനമായി സ്പോട്ട് ബുക്കിങ് ഉൾപ്പെടെ 1,20,000 പേരാണ് ശബരിമലയിലേക്ക് എത്തിയത്. ഇത്രയും ആളുകളെ മലകയറാൻ അനുവദിക്കുന്നത് സുരക്ഷിതമല്ല എന്നാണ് പൊലീസിന്റെ നിലപാട്. അതിനാലാണ് പമ്പ മുതൽ നിയന്ത്രിച്ച് കടത്തിവിടുന്നത്. അതിനിടെ ഇന്നലെ തമിഴ്നാട് സ്വദേശിയായ തീര്‍ഥാടകൻ ഹൃദയാഘാതം മൂലം സന്നിധാനത്തു മരിച്ചു.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരുടെ ദേവസ്വം ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാൻ സ്പോട് ബുക്കിങോ, വെർച്വൽ ക്യൂ ബുക്കിങോ ഇല്ലാത്ത തീർഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നതടക്കമുള്ള കർശന നിർദേശങ്ങൾ കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു.