തിരുവനന്തപുരം: ശാസ്ത്രോത്സവ ഉദ്ഘാടനത്തിന് സ്പീക്കർ എ.എൻ ഷംസീർ നിലവിളക്കിനരികിലേക്ക് എത്തിയപ്പോഴേക്കും മൈക്കിലൂടെ അറിയിപ്പ് വന്നു. 'കുടിവെള്ളം വിളക്കിലേക്ക് പകർന്ന് മേളയുടെ ഉദ്ഘാടനം സ്പീക്കർ നിർവഹിക്കും'. വേദിയിലേക്ക് എത്തിയ വിദ്യാർഥിനിയിൽനിന്ന് കുപ്പി വാങ്ങിയ സ്പീക്കർ നിലവിളക്കിലേക്ക് വെള്ളം പകർന്നു. വെള്ളമെത്തിയപ്പോഴേക്കും വിളക്കിലെ ദീപങ്ങൾ തെളിഞ്ഞു.
നാലു നാൾ നീളുന്ന ശാസ്ത്രോത്സവത്തിന് എണ്ണയും തീയുമില്ലാതെ വൈദ്യുതിദീപം തെളിച്ച് ഔദ്യോഗിക തുടക്കമായി. വാഴമുട്ടം ഗവ.എച്ച്.എസിലെ ഫിസിക്സ് അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ കെ.വി.ഷാജിയാണ് വേറിട്ട വിളക്ക് തയാറാക്കിയത്.
സെല്ലുകളും എൽ.ഇ.ഡി ബൾബുകളും അടങ്ങിയ ലഘു വൈദ്യുതി സർക്യൂട്ടാണ് സജ്ജമാക്കിയത്. ഇവക്കിടയിലെ വിടവിൽ ജലം ഒഴുകുമ്പോൾ ചാലകമായി പ്രവർത്തിച്ച് വൈദ്യുതി കടന്നുവരുകയും ബൾബ് പ്രകാശിക്കുകയും ചെയ്യും.