കോട്ടയം: കെ - റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ലെന്ന് സാംസ്‌കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വൈക്കം ബീച്ച് മൈതാനത്തെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏഴര വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണ ഇ - ഗവേണൻസ് സംസ്ഥാനമാക്കി മാറ്റി. എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്ന ആശയവും നവകേരളം ഉൾക്കൊള്ളുന്നുണ്ട്.
എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭവനം എന്നത് ഇന്ത്യയിൽ യാഥാർഥ്യമാകാൻ പോകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആറായിരത്തോളം അധ്യാപകരെ പുതിയതായി നിയമിച്ചു. ശബരിമല വിമാനത്താവളം, കൊച്ചി ഗ്രീൻ ഹൈഡ്രജൻ പാർക്ക്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, തീരദേശ ഹൈവേക്കായി സ്ഥലമേറ്റെടുപ്പ്, ദേശീയപാത വികസനം, മലയോര ഹൈവേ തുടങ്ങിയ പദ്ധതികൾ കേരളത്തിൽ ഇനി യാഥാർത്ഥ്യമാകുമെന്നും മന്ത്രി പറഞ്ഞു.
വികസനം വരുംതലമുറയ്ക്ക് കൂടിയുള്ളതാണ്. 20 ലക്ഷം ദരിദ്ര കുടുംബങ്ങൾക്കാണ് സംസ്ഥാനത്ത് സൗജന്യമായി കെ - ഫോണിലൂടെ ഇന്റർനെറ്റ് സേവനം നൽകുന്നത്. 2016 മുതൽ ഐ.ടി. മേഖലയിൽ വൻ കുതിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. 2022ൽ ഐ.ടി. മേഖലയിലെ കയറ്റുമതി 17536 കോടിയായി. 1106 ഐ.ടി. കേന്ദ്രങ്ങൾ സംസ്ഥാനത്ത് പുതിയതായി ആരംഭിച്ചു.
വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളത്തെ ഈ സർക്കാർ മാറ്റി.2,83,400 തൊഴിൽ അവസരങ്ങൾ ഈ സർക്കാർ സൃഷ്ടിച്ചു. കേരളത്തിലെ റോഡുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു. എല്ലാവർക്കും കുടിവെള്ളം ഉറപ്പാക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു കൊണ്ട് വിപ്ലവകരമായ മാറ്റത്തിനാണ് നവകേരളം സാക്ഷിയാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.