തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിലെ മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രത്തിൽ സന്ദർശകരുടെ സുരക്ഷിതത്വത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് സുരക്ഷാ ജീവനക്കാരെ നിയോഗിച്ചു. ഡിസംബർ 24 മുതൽ സുരക്ഷാ ജീവനക്കാരുടെ സേവനം മാർമലയിൽ ടൂറിസ്റ്റുകൾക്ക് ലഭിക്കുന്നതാണ്. അന്ന് മുതൽ അരുവി സന്ദർശിക്കുന്നവർക്ക് പ്രവേശന പാസ്സ് ഏർപ്പെടുത്തും.
10 വയസ്സിനു മുകളിലുള്ള ഒരാൾക്ക് 30 രൂപയാണ്ഫീസ് ഈടാക്കുന്നത്. മാർമല അരുവി ജംഗ്ഷനിൽ ഇതിനായി ഹരിത ചെക്ക് പോസ്റ്റും പ്രവേശന കവാടത്തിൽ പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. സന്ദർശകർക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങളും മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്തും.
സന്ദർശന സമയം രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ്. അരുവി കയത്തിൽ സന്ദർശകരെ ഇറങ്ങുവാൻ അനുവദിക്കുന്നതല്ല. ഗ്രാമപഞ്ചായത്ത് , പോലീസ് ,ഫയർ ഫോഴ്സ് , എക്സൈസ്, റവന്യു , ടൂറിസം തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളുടെ നിയന്ത്രണത്തിലാണ് ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നതാണ്. ഉരുൾപൊട്ടലിൽ മുറിഞ്ഞു പോയ മംഗളഗിരി - മാർമല അരുവി റോഡ് പൂർണ്ണമായും സംരക്ഷണ ഭിത്തി നിർമ്മിച്ചു ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.
24 ന് രാവിലെ 7 AM ന് ഹരിത ചെക്ക് പോസ്റ്റിന്റെയും സുരക്ഷാ ക്രമീകരണങ്ങളുടെയും ഉദ്ഘാടനം മാർമല ജംഗ്ഷനിൽ നടക്കും. ഗ്രാമ - ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളുടെയും ശുചിത്വ മിഷൻ, ടൂറിസം ഡിപ്പാർട്മെന്റ് എന്നിവരുടെ സഹകരണത്തോടെ മാർമലയിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ആവശ്യമെങ്കിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.