ബംഗളൂരു: സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രക്കിടെ ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എൽ1ന്‍റെ പരീക്ഷണ വിശേഷങ്ങൾ പങ്കുവെച്ച് ഐ.എസ്.ആർ.ഒ. സൗരക്കാറ്റിന്‍റെ പഠനത്തിനുള്ള പേടകത്തിലെ പ്രധാന ഉപകരണമായ ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്‍റിന്‍റെ (ASPEX) ഭാഗമായ സോളാർ വിൻഡ് അയൺ സ്പെക്ട്രോമീറ്റർ (SWIS) വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതിന്‍റെ വാർത്തയാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.
നവംബർ രണ്ടിനാണ് സൗരക്കാറ്റിന്‍റെ പ്രോട്ടോൺ, ആൽഫ കണികകൾ അളക്കാൻ രൂപകൽപന ചെയ്‌ത ലോ എനർജി സ്പെക്ട്രോമീറ്ററാണ് സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (SWIS) എന്ന ഉപകരണം പ്രവർത്തിച്ച് തുടങ്ങിയത്. 360 ഡിഗ്രിയിൽ നിരീക്ഷിക്കാൻ സാധിക്കുന്ന സ്വിസിലെ രണ്ട് സെൻസറുകളാണ് സൂര്യനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്.