പാലാ: പാലാ നിയോജക മണ്ഡലം നവകേരള സദസില്‍ ജനകീയ മന്ത്രിസഭയെ എതിരേല്‍ക്കാനും നിവേദനങ്ങള്‍ നല്‍കാനുമായി എത്തിയത് പതിനായിരങ്ങള്‍. കായിക പ്രതിഭകള്‍ മറ്റുരയ്ക്കുന്ന മൈതാനം ജനസാഗരം കൊണ്ടു നിറഞ്ഞു. തിങ്ങി നിറഞ്ഞ സദസിനു മുന്നിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലെത്തിയത്. സംഘടകസമിതി അധ്യക്ഷന്‍ തോമസ് ചാഴികാടന്‍ എം. പി. പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.
സദസില്‍ നിവേദനങ്ങള്‍ നല്‍കുന്നതിനായി 25 കൗണ്ടറുകള്‍ സജ്ജീകരിച്ചു. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം കൗണ്ടറുകളും ഒരുക്കി. സുരക്ഷയ്ക്കായി മെഡിക്കല്‍, ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ സജ്ജരായിരുന്നു. ഹരിത കര്‍മ്മസേന, കുടുംബശ്രീ -ആശ - അങ്കണവാടി പ്രവര്‍ത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്തു.
എലിക്കുളം മാജിക് വോയിസിന്റെ ഗാനമേളയോടെയായിരുന്നു സദസിന്റെ തുടക്കം. മണ്ഡലത്തിലെ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്വാഗത ഗാനം ആലപിച്ചു. ജൂനിയര്‍ കലാഭവന്‍ മണി രതീഷ് പാലാ, ജൂനിയര്‍ ജയന്‍ സ്റ്റാന്‍ലി കോട്ടയം, ആലപ്പി ഗോപകുമാര്‍ കലാഭവന്‍ ജോഷി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന മിമിക്രി ചിരിമസാലയും സദസിനുശേഷം അവതരിപ്പിച്ചു.
നവകേരള സദസ്; പാലായില്‍ ലഭിച്ചത് 3668 നിവേദനങ്ങള്‍
പാലാ: മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന പാലാ മണ്ഡലതല നവകേരള സദസില്‍ 3668 നിവേദനങ്ങള്‍ ലഭിച്ചു. 25കൗണ്ടറുകളാണ് നിവേദനങ്ങള്‍ സ്വീകരിക്കാന്‍ നവകേരള സദസ് വേദിക്ക് സമീപം ഒരുക്കിയത്.
അഞ്ച് കൗണ്ടറുകള്‍ സ്ത്രീകള്‍ക്കും നാലെണ്ണം വയോജനങ്ങള്‍ക്കും രണ്ടെണ്ണം ഭിന്നശേഷിക്കാര്‍ക്കായും പ്രത്യേകം ഒരുക്കിയിരുന്നു. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് മുതല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കും.
ഇലവീഴാ പൂഞ്ചിറ റോഡിനു നന്ദി; മുഖ്യമന്ത്രിയ്ക്കു ചിത്രം സമ്മാനിച്ചു ജെസി
പാലാ: വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡിന്റെ പുനര്‍നിര്‍മാണത്തിന്റെ സന്തോഷം ചിത്രത്തിലൂടെ പങ്കുവെച്ച് ഇലവീഴാപൂഞ്ചിറ കുമ്പളോലിയ്ക്കല്‍ വീട്ടില്‍ ജെസ്സി സാം. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പാലാ നിയോജക മണ്ഡലം നവകേരള സദസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് ചിത്രം കൈമാറിയത്. മുഖ്യമന്ത്രിയുടെ മുഖം ആക്രോലൈറ്റ് പെയിന്റിംഗില്‍ തീര്‍ത്ത ചിത്രമാണ് കൈമാറിയത്. മേലുകാവ് ഗ്രാമപഞ്ചായത്തംഗം ഷീബാ മോള്‍ ജോസഫും കൂടെയുണ്ടായിരുന്നു.
മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡിന്റെ നിര്‍മാണം രാജ്യാന്തര ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തിലാണ് പൂര്‍ത്തിയാക്കിയത്. 11.19 കോടി രൂപ ചിലവിലാണ് ഇലവീഴാപൂഞ്ചിറ മുതല്‍ മേലുകാവ് വരെയുള്ള 5.5 കിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മിച്ചത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് പതിറ്റാണ്ടുകളായി തകര്‍ന്നു കിടക്കുകയായിരുന്നു. പ്രദേശവാസികള്‍ യാത്രയ്ക്കായി ആശ്രയിച്ചിരുന്ന ജീപ്പുകള്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത വിധം റോഡ് തകര്‍ന്നിരുന്നു. 2021 സെപ്റ്റംബറിലാണ് ആണ് റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായതോടെ വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. ഇതോടെ ഇല്ലിക്കല്‍ക്കല്ല്, കട്ടിക്കയം തുടങ്ങിയ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനു ഉണര്‍വ്വേകും.