പാലാ: ഇന്നത്തെ (ഡിസംബർ 11) സായാഹ്നം പാലായ്ക്ക് മറ്റൊരു ആഘോഷമായി തീരും. ക്യാബിനറ്റ് ഒന്നാകെ എത്തുന്ന നവകേരള സദസ്സ് വൻ വിജയമാക്കുവാനും ജനപങ്കാളിത്തം ഉറപ്പുവരുത്തുവാനും വലിയ ഒരുക്കങ്ങളാണ് വിവിധ സർക്കാർ വകുപ്പുകളും സംഘാടക സമിതികളും സംയുക്തമായി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും കൂടുതൽ സമയം ചിലവഴിക്കുന്നതും പാലായിലാവും. വൈകിട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന യോഗം എട്ട് മണിയോടെയാണ് അവസാനിക്കുക.
വേദി ഒരുങ്ങി: സദസ്സിൽ കസേരകൾ നിരന്നു
പാലാ: നവകേരള സദസ്സിനായി കൂറ്റൻ പന്തലാണ് സ്ഥാപിച്ചിരിക്കുന്നത്. ഒറ്റ നിരയിൽ 25 പേർക്ക് ഇരിക്കാവുന്ന വിധമാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ എം.പി മാരായ ജോസ്.കെ.മാണിക്കും തോമസ് ചാഴികാടനും മുൻ നിരയിൽ ഇരിപ്പിടമുണ്ടാവും. സദസ്സിൽ 7500-ൽ പരം കസേരകൾ ഇട്ടു കഴിഞ്ഞു. മൈതാനത്തും കസേരകൾ ഇടും. അഗ്നി സുരക്ഷാ വിഭാഗം, ആരോഗ്യ വിഭാഗത്തിനും സ്ഥലസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
നിവേദനങ്ങൾക്ക് സമയപരിധിയില്ല
പാലാ: നവകേരള സദസ്സിൻ്റെ പരിഗണനയ്ക്കും തീർപ്പിനുമായി സമർപ്പിക്കുന്ന നിവേദനങ്ങളും അപേക്ഷകളും പരാതികളും രണ്ടു മണി മുതൽ സ്വീകരിച്ചു തുടങ്ങും. അവസാന അപേക്ഷകൻ്റെ നിവേദനവും സ്വീകരിച്ച ശേഷമേ പരാതി കൗണ്ടറുകൾ അവസാനിപ്പിക്കുകയുള്ളൂ.
നവകേരള സദസ്സ്: സ്വാഗത ഗാനം വിദ്യാഭ്യാസ ഓഫീസറും അദ്ധ്യാപകരും ആലപിക്കും
പാലാ: നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന നവ കേരള സദസ്സിന് സ്വാഗത ഗാനം ആലപിക്കുക അദ്ധ്യാപകരായിരിക്കും. പാലാ വിദ്യാഭ്യാസ ജില്ലാ ഓഫീസർ പി.സുനിജയുടെയും പാലാ സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ സംഗീതാ അധ്യാപിക അഞ്ചു സി നായരുടെയും നേതൃത്വത്തിലാണ്. പാലാ ബിആർസി ട്രെയിനർ കെ.രാജ്കുമാര്‍ രചിച്ച സ്വാഗത ഗാനം ആലപിക്കുന്നത്. പാലാ സെ.തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ജിൻസ് ജോർജ്, ഷോബി ജോൺ, രാമപുരം ബി.ആർ സി യിലെ വി.എസ്.സാജൻ, കുറുമണ്ണ് സെൻറ് ജോൺസ് ഹൈസ്കൂളിലെ രമ്യ രാജൻ, കുടക്കച്ചിറ സെൻറ് ജോസഫ് ഹൈസ്കൂളിലെ ബോബി കുര്യൻ, അയർക്കുന്നം ഹയർ സെക്കൻഡറി സ്കൂളിലെ ജിജോ ചെറിയാൻ, കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗീതിക സെബാസ്റ്റ്യൻ എന്നിവരാണ് സ്വാഗത ഗാനം ആലപിക്കുക.
ആങ്കറിംഗ്
പാലാ: നവ കേരള സദസിന്റെ ആങ്കറിംഗ് നടത്തുന്നത് കൂത്താട്ടുകുളത്ത് താമസമുള്ള അധ്യാപകനായ കെ.പി.സാജുവും ഈരാറ്റുപേട്ട ബാറിലെ അഭിഭാഷകയായ മേലുകാവ് സ്വദേശിനി ബില്ലട്ടുമാണ്.. സാജു മലബാർ മേഖലയിലെ നവ കേരള സദസ്സുകളിൽ ആങ്കറിംഗ് നടത്തിയിട്ടുണ്ട്.
കലാസന്ധ്യ
പാലാ: നവകേരള സദസ്സിൽ നാലുമണി മുതൽ എലിക്കുളം മാജിക് വോയിസ് അവതരിപ്പിക്കുന്ന ഗാനമേളയും 7.30 മുതൽ ജൂനിയർ കലാഭവൻ മണി രതീഷ് വയലായും, ജൂനിയർ ജയൻ സ്റ്റാൻലി കോട്ടയവും, ആലപ്പി ഗോപകുമാറും, കലാഭവൻ ജോഷിയും ചേർന്ന് അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അത്താഴം പാലായിൽ
പാലാ: നവകേരള സദസ്സിനു ശേഷം ക്യാബിനറ്റ് ഒന്നാകെ പാലായിൽ നിന്നുമാണ് അത്താഴം കഴിക്കുക. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണം സംഘാടക സമിതി ക്രമീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിൽ എത്തിച്ചേരുന്ന എല്ലാവർക്കും ലഘുഭക്ഷണവും ഉണ്ടാവും.
മുഖ്യമന്ത്രിയുടെ വരവിന് സ്വാഗതമോതി വിളമ്പര ജാഥ
പാലാ: നവകേരള സദസ്സിൻ്റെ ആരംഭം അറിയിച്ചു കൊണ്ട് നഗരത്തിൽ ഇന്ന് നൂറുകണക്കിന് പേർ പങ്കെടുത്ത വിളമ്പര ജാഥ നടത്തി. സെ.തോമസ് ഹൈസ്കൂൾ മൈതാനിയിൽ നിന്നും മുനിസിപ്പൽ ഓഫിസ് അങ്കണത്തിലേയ്ക്കാണ് റാലി നടന്നത്. തോമസ് ചാഴികാടൻ എം.പി റാലി ഫ്ലാഗ് ഓഫ് ചെയ്തു. മുൻ അഞ്ചലോട്ടക്കാരനാണ് അന്നത്തെ അതേ വേഷം ധരിച്ച് റാലിക്ക് മുന്നിൽ നിന്നത്.
ബൈക്കുകൾ, ചെണ്ടമേളം, നാസിക് ഡോൾ, കലാരൂപങ്ങളായ ഗരുഡൻ, കൊട്ട കാവടി, പൂക്കാവടി
മുത്തുകുടകൾ ഏന്തിയ വനിതകൾ, മുനിസിപ്പൽ ജീവനക്കാർ, ഗവൺമെൻ്റ് ജീവനക്കാർ എന്നിവരും റാലിയിൽ അണിചേർന്നു. അൽഫോൻസാ കോളേജ് വിദ്യാർത്ഥികൾ, അംഗൻവാടി ടീച്ചേഴ്സ്, എൻ.സി.സി, സെ.തോമസ് കോളേജ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന, കായിക താരങ്ങൾ എന്നിവയും ഉണ്ടായിരുന്നു. കുടുംബശീ, തൊഴിലുറപ്പ് പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.
ഹോമിയോ ആശുപത്രി, ജനറൽ ആശുപത്രി ജീവനക്കാർ,
നേഴ്സിംഗ് വിദ്യാർത്ഥികൾ, ഹോട്ടൽ ആസോസിയേഷൻ,
റെസിഡൻസ് അസോസിയേഷൻ, വ്യാപ്യാരി വ്യവസ്യായി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരും റാലിയുടെ ഭാഗമായി. നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ, ആർ.ഡി.ഒ പി.ജി.രാജേന്ദ്രബാബു, ജൂഹി മരിയ ടോം, സിജി പ്രസാദ്, പി.എം.ജോസഫ്, അൻ്റോ പടിഞ്ഞാറേക്കര, ഷാജു തുരുത്തൽ, സാവിയോ കാവുകാട്ട്, നിർമ്മല ജിമ്മി, വി.എൽ.സെബാസ്റ്യൻ, ബിജു പാലൂപടവൻ, ബിജി ജോജോ, ബൈജു കൊല്ലംപറമ്പിൽ, മായാപ്രദീപ്, ബിന്ദു മനു, രാജേഷ് വാളിപ്ലാക്കൽ, ജോസുകുട്ടി പൂവേലി എന്നിവർ റാലിക്ക് നേതൃത്വം നൽകി.
നഗരസഭാ സ്റ്റേഡിയം പോലീസ് ബന്തവസിൽ
പാലാ: നവകേരള സദസ്സ് നടക്കുന്ന നഗരസഭാ സ്‌റ്റേഡിയവും പരിസരവും ശക്തമായ പോലീസ് നിരീക്ഷണത്തിലാക്കി.
എൽ.ഇ.ഡി.പ്രഭയിൽ നഗരസഭാ സ്റ്റേഡിയം
പാലാ: മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിക്കുവാൻ ഒരുങ്ങിയ നഗരസഭാ സ്റ്റേഡിയും എൽ.ഇ.ഡി വൈദ്യുത ദീപങ്ങളാലും വെള്ളി നിറമുള്ള തോറണങ്ങളാലും അലംകൃതമായി.