പാലാ: നവകേരള സദസ്സ് നടത്തുന്നതുമായി ബന്ധപ്പെട്ടു നഗരസഭ സ്റ്റേഡിയത്തിന്റെ വേലിക്കെട്ടിനുള്ളിലും സിന്തറ്റിക് ട്രാക്കിലും നാശമോ കേടുപാടോ ഉണ്ടാക്കാൻ പാടില്ലെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യം നഗരസഭ സെക്രട്ടറി സൂക്ഷ്മമായി വിലയിരുത്തണമെന്നും പ്രശ്നങ്ങളുണ്ടായാൽ സെക്രട്ടറി വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്നും വിധിയിൽ പറയുന്നു.
യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടോണി ചക്കാല, കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു സെബാസ്റ്റ്യൻ പാലത്തുങ്കൽ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കുള്ള പാലാ നഗരസഭാ സ്റ്റേഡിയം നവകേരള സദസ്സിനു വേദിയാക്കുന്നതു പ്രതിഷേധത്തിനു കാരണമായിരുന്നു.
യുഡിഎഫ് കൗൺസിലർമാർ നഗരസഭാ യോഗത്തിൽ പ്രതിഷേധം ഉയർത്തി. യുഡിഎഫ് പ്രതിഷേധ യോഗങ്ങൾ നടത്തി. സിന്തറ്റിക് ട്രാക്കിനുള്ളിലെ പുൽമൈതാനത്തു മാത്രമാണു വേദി സ്ഥാപിക്കുന്നതെന്നും ഇതിനായി സ്റ്റേഡിയം കുഴിക്കില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. സിന്തറ്റിക് ട്രാക്കിനു കേടു വരാതിരിക്കാൻ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന 2 ഗേറ്റുകളുടെയും ഭാഗത്ത് കാർപെറ്റ് വിരിക്കുമെന്നും അധികൃതർ പറഞ്ഞു.